Times Kerala

‘ഓപ്പറേഷന്‍ സാഗര്‍ റാണി’ മലപ്പുറം ജില്ലയില്‍ മത്സ്യ പരിശോധന ശക്തമാക്കി

 
‘ഓപ്പറേഷന്‍ സാഗര്‍ റാണി’ മലപ്പുറം ജില്ലയില്‍ മത്സ്യ പരിശോധന ശക്തമാക്കി

360 കിലോ ഗ്രാം മത്സ്യങ്ങള്‍ പിടിച്ചെടുത്തു

രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ മായം കലര്‍ന്നതും പഴക്കം ചെന്നതുമായ മത്സ്യങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനായി ജില്ലയില്‍ പരിശോധന ശക്തമാക്കി. ‘ഓപ്പറേഷന്‍ സാഗര്‍ റാണി’-യുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചെമ്മീന്‍, ചൂര, കണ, കോലി എന്നീ മത്സ്യ ഇനങ്ങളിലായി 360 കിലോ ഗ്രാമിലധികം മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

മാര്‍ക്കറ്റില്‍ എത്താത്ത മത്സ്യങ്ങളുടെ വില്‍പ്പന ചെറുവണ്ടികളില്‍ സജീവം

മാര്‍ക്കറ്റില്‍ എത്തിക്കാതെ ചെറുവണ്ടികളിലാണ് ജില്ലയില്‍ മത്സ്യ വിതരണം നടത്തുന്നതെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ജയശ്രീ അറിയിച്ചു. മത്സ്യം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈക്കാര്യം അറിഞ്ഞതെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. വിതരണത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെയ്നറുകളില്‍ നിറച്ച് ബോക്സുകളിലായി എത്തുന്ന മത്സ്യം നേരിട്ട് മാര്‍ക്കറ്റുകളില്‍ എത്താതെ ഊടുവഴികളില്‍ മറ്റും പാര്‍ക്ക് ചെയ്യുന്നു. തുടര്‍ന്ന് ഊടുവഴികളില്‍ വച്ച് ചെറു വണ്ടികളിലേക്ക് മത്സ്യം കൈമാറി വിതരണം നടത്തുകയാണ് ചെയ്യുന്നത്.് ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി മാര്‍ക്കറ്റുകളിലെ പരിശോധന ഭയന്നാണ് വിതരണക്കാര്‍ ഇത്തരം മാര്‍ഗ്ഗം സ്വീകരിക്കുന്നതെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

താനാളൂര്‍ ദേവദാര്‍ പ്രദേശത്ത് വില്‍പ്പന നടത്തുന്ന ആന്ധ്രപ്രദേശില്‍ നിന്നും മത്സ്യവുമായി വന്ന വാഹനം ഇത്തരത്തില്‍ പിടിച്ചെടുത്തിട്ടുണ്ട്. വാഹനത്തില്‍ നിന്നും അഴുകി ഭക്ഷ്യയോഗ്യമല്ലാത്ത രീതിയില്‍ കണ്ടെത്തിയ മുന്നൂറോളം കിലോ ചെമ്മീനാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ അവ നശിപ്പിക്കുകയും ചെയ്തു. പുലര്‍ച്ചെ നാലിന് ആരംഭിച്ച പരിശോധനയില്‍ പരപ്പനങ്ങാടി, ചെട്ടിപ്പടി, താനൂര്‍ ഹാര്‍ബര്‍ തുടങ്ങിയ പ്രദേശങ്ങളിലായി നാല്‍പതോളം പരിശോധനകള്‍ നടത്തി. . ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ പി.അബ്ദുല്‍ റഷീദ്, ദിവ്യ, ദിനേശ്, പ്രിയ, വില്‍ഫ്രഡ് എന്നിവരും ഫിഷറീസ് വകുപ്പിലെ റിസര്‍ച്ച് അസിസ്റ്റന്റ് ഡോക്ടര്‍ ചൈതന്യയും പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റുകള്‍, വിതരണ വാഹനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Related Topics

Share this story