ന്യൂഡൽഹി: ആഗോളതലത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് കോവിഡ് രോഗ ബാധിതരിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടതോടെ നിലവിൽ ഈ മരുന്നിന് വൻ ഡിമാൻഡാണ്. മലമ്പനിയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിനുള്ള പ്രതിരോധ മരുന്നായി ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് രോഗ ബാധിതരിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ പരീക്ഷണം ഫലപ്രദമായിരുന്നുവെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ആന്റി മൈക്രോബിയൽ ഏജന്റ്സ് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞന്മാർ നടത്തിയ പരീക്ഷണത്തിൽ മരുന്ന് നൽകാത്ത രോഗികളെ അപേക്ഷിച്ച് മരുന്ന് നൽകിയവരിൽ വൈറസിന്റെ സാന്നിധ്യം കറുഞ്ഞതായി കാണപ്പെട്ടുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വൈറസ് ബാധ വ്യാപകമായതോടെ ഈ മരുന്നിന്റെ ഉപയോഗം വൻ തോതിലാണ് വർധിച്ചിരിക്കുന്നത്. ഈ മരുന്ന് നിർമിക്കുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ സമീപിച്ചിരിക്കുകയാണ് മറ്റു ലോകരാജ്യങ്ങൾ.
ശാസ്ത്രീയമായി ഈ മരുന്ന് ഉപയോഗിച്ച് കോറോണ വൈറസിനെ പൂർണമായും തടയാനാകുമെന്ന് ഇതുവരേയും തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ആന്റി മൈക്രോബിയൽ കീമോതെറാപ്പി ഔദ്യോഗികമായി അറിയിച്ചു. ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന്റെ പ്രതിരോധശേഷിയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ലോകാരോഗ്യസംഘടന നിർദേശം നൽകിയിട്ടുണ്ട്.
Comments are closed.