മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിലെ മുംബൈയിൽ സമൂഹവ്യാപനം തുടങ്ങിയെന്ന് സ്ഥിരീകരണം. വിദേശത്ത് പോകാത്തവരിലും കോവിഡ് രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം സ്ഥിരീകരിച്ച് തുടങ്ങിയതോടെയാണ് മുംബൈയിൽ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചത്. ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇന്ന് രാവിലെയുള്ള കണക്ക് പ്രകാരം 1018 കോവിഡ് രോഗികളാണ് മഹാരാഷ്ട്രയിയിലുള്ളത്. ഇതിൽ 642 രോഗികളും മുംബൈ നഗരത്തിൽ നിന്നാണ്. പൂണെയിൽ 159 രോഗികളും താനെയിൽ 87 രോഗികളുമാണുള്ളത്. മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോൾ കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളുടെ ചേരികളിൽ രോഗം വ്യാപിക്കുന്നത് അതിവേഗമാണ്.
അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രണ്ട് പേർക്ക് കൂടി ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം ഒൻപതായി. രോഗികളിലെ അൻപതിലേറെ ആരോഗ്യപ്രവർത്തകരും ഉൾപ്പെട്ടത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനായി കൂടുതൽ വെൻ്റിലേറ്ററുകളും പിപിഇ കിറ്റുകളും ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ശ്രമം ആരംഭിച്ചു.
Comments are closed.