സിഗററ്റ് വാങ്ങാനായി ഫ്രാൻസിൽ നിന്ന് സ്പെയിനിലേക്ക് പോയ യുവാവ് പൈറീനീസ് മലനിരകളിൽ കുടുങ്ങി. തുടർന്ന് പോലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. തണുത്തതും വിജനവുമായ സ്ഥലത്ത് ഒറ്റപ്പെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കോവിഡ് 19നെ തുടർന്നുള്ള നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇയാളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
ഫ്രാൻസിന്റെ അതിർത്തി പ്രദേശമായ പെർപിഗ്നൻ എന്ന ഗ്രാമത്തിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിലെ ലാ ജോൻക്വറ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു ഇയാൾ. കുറഞ്ഞ വിലക്ക് സിഗററ്റ് കിട്ടുമെന്നതാണ് ഇയാളെക്കൊണ്ട് ഇത്തരമൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചത്.
കാറിലായിരുന്നു യാത്ര. എന്നാൽ അതിർത്തിയിൽ വച്ച് പൊലീസ് തടഞ്ഞു. കോവിഡ് 19നെ തുടർന്ന് ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ സ്പെയിനിലേക്ക് പ്രവേശിക്കാനാവില്ലെന്ന് അറിയിക്കുകയും മടങ്ങി പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിരിച്ചു പോകുന്നതിനു പകരം പൊലീസിന്റെ കണ്ണുവെട്ടിച്ച് മലനിരകളിലൂടെ അതിർത്തി കടക്കാനായിരുന്നു ഇയാളുടെ ശ്രമം. കാർ ഒളിപ്പിച്ചശേഷം മലകയറി. എന്നാൽ ഇയാൾ വഴി തെറ്റി മലയിൽ കുടുങ്ങുകയായിരുന്നു.
തുടർന്ന് ഫോണിലെ എസ്ഒഎസ് സംവിധാനം ഉപയോഗിച്ച് ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഹെലികോപ്ടറിലെത്തി ഇയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. സുരക്ഷിത സ്ഥാനത്തെത്തിച്ചശേഷം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് 120 യൂറോ പിഴ ചുമത്തി വിട്ടയ്ക്കുകയും ചെയ്തു.
Comments are closed.