Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നേഴ്‌സുമാരെ ജോലിക്ക് നിയോഗിച്ച് വോക്ക് ഹാര്‍ട്ട് ആശുപത്രി

മുംബൈയില്‍ കോവിഡ് രോഗികളുള്ള വോക്ക് ഹാർട്ട് ആശുപത്രിയില്‍ ഗുരുതരമായ നിയമലംഘനം. രോഗം സ്ഥിരീകരിച്ച നഴ്സുമാരുമായി സമ്പർക്കം പുലര്‍ത്തിയവരെ വീണ്ടും ജോലിക്ക് നിയോഗിച്ചു. ധാരാവിയിൽ മരിച്ചയാളുമായി 10 മലയാളികള്‍ സമ്പർക്കം പുലർത്തിയതായി മുംബൈ പൊലീസ് അറിയിച്ചു.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത പത്ത് പേരാണ് ധാരാവിയിൽ തങ്ങി കേരളത്തിലേയ്ക്ക് മടങ്ങിയത്. ഇവരിൽ നിന്നാണ് ധാരാവിയിലുള്ളവര്‍ക്ക് കോവിഡ് 19 പകര്‍ന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇവര്‍ക്ക് കോവിഡ് ബാധയുണ്ടോയെന്ന കാര്യം കേരള സര്‍ക്കാറിനാണ് അറിയാൻ കഴിയുകയെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ധാരാവിയിൽ രോഗം റിപ്പോർട്ട് ചെയ്ത 38 കാരിയുടെ അച്ഛനും സഹോദരനും ഇന്ന് രോഗം സ്ഥിരീകരിച്ചു.

മുംബൈ വോക്ക് ഹാർട്ട് ആശുപത്രിയിൽ 46 മലയാളി നഴ്സുമാരടക്കമുള്ള രോഗബാധിതരെയും ലക്ഷണങ്ങളുള്ളവരെയും മറ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുമായി സമ്പർക്കത്തിലുണ്ടായവരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പരിശോധന ഫലം നെഗറ്റീവ് ആണെന്ന് വാക്കാൽ മാത്രമാണ് ആശുപത്രി അധികൃതർ അറിയിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും നഴ്സുമാർ അറിയിച്ചു.

കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ ചികിത്സയിലുള്ള മലയാളി നഴ്സുമാര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്ക് കത്തയച്ചു. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള മലയാളി നഴ്സുമാര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് മാത്രം 23 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 900 ത്തോട് അടുക്കുന്നു. പൂനെയിൽ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട് കോവിഡ് ഭീതിയിൽ അടച്ചു. വീടിന് സമീപത്തുള്ള ചായ വില്പനക്കാരന് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം നൂറോളം പേരെ ക്വാറന്റൈൻ ചെയ്തു.

You might also like

Comments are closed.