തിരുവനന്തപുരം: കേരളത്തിനു കേന്ദ്രം എല്ലാ സഹായവും നൽകിയെന്ന മട്ടിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ബിജെപി നേതാവിന്റെതു പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്രയും പക്വതയില്ലാതെ പ്രശ്നങ്ങളെ നോക്കിക്കാണുന്ന പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും കോടിയേരി പരിഹസിച്ചു.
“സംസ്ഥാന സർക്കാർ ഒന്നും തന്നെ ചെയ്തില്ലെന്ന ചെന്നിത്തലയുടെ പരാമർശം പരിഹാസ്യമാണ്. അദ്ദേഹത്തിന്റെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന കാര്യങ്ങൾ ചെന്നിത്തല വിശദീകരിച്ചാൽ നന്നായിരുന്നു. ഇന്ത്യയിൽ കേരളം പോലെ സമഗ്രമായ പാക്കേജ് നടപ്പിലാക്കിയ മറ്റൊരു സംസ്ഥാനവും ഇല്ലെന്ന് രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിച്ച കാര്യമാണ്.” – കോടിയേരി പറഞ്ഞു.
കേരളം അടച്ചിടരുതെന്നും അമേരിക്കൻ മാതൃകയാണ് പിന്തുടരേണ്ടതെന്നും നിയമസഭയിൽ സർക്കാരിനെ ഉപദേശിച്ചത് ഈ പ്രതിപക്ഷ നേതാവാണ്. ആ ഉപദേശം സ്വീകരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയെന്ന് ആലോചിക്കുന്നത് നന്നായിരിക്കും. സുതാര്യമായി പ്രവർത്തിക്കുന്ന കേരള മുഖ്യമന്ത്രിയെ പ്രധാനമന്ത്രി മാതൃകയാക്കണമെന്ന ശശി തരൂരിന്റെ അഭിപ്രായം പ്രസക്തമാണ്. നാട് നേരിടുന്ന വെല്ലുവിളിയുടെ ആഴം മനസിലാക്കി സങ്കുചിത രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന്റെ ചുമതല തിരിച്ചറിയണം.” – കോടിയേരി കോണ്ഗ്രസിനോട് അഭ്യർത്ഥിച്ചു.
കേരളത്തിലെ സ്വീകാര്യതയിൽ പരിഭ്രാന്തരായ പ്രതിപക്ഷത്തിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ ജനങ്ങൾ പുച്ഛിച്ച് തള്ളും. നിരവധി മനുഷ്യ ജീവൻ നഷ്ടപ്പെടുത്തിയ കർണാടകയിലെ ബിജെപി സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയെ അപലപിക്കാൻ പോലും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ തയാറായില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
Comments are closed.