Times Kerala

കൊറോണ: മുന്നണിപ്പോരാളികൾക്ക് പഴക്കൂടകൾ ഒരുക്കി ഹോർട്ടികോർപ്പ്

 
കൊറോണ: മുന്നണിപ്പോരാളികൾക്ക് പഴക്കൂടകൾ ഒരുക്കി ഹോർട്ടികോർപ്പ്

എറണാകുളം: ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് പോഷക സമൃദ്ധമായ പഴകിറ്റുകൾ ഒരുക്കുകയാണ് കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പ്. ആരോഗ്യ പ്രവർത്തകർ, പോലീസ് സേനാംഗങ്ങൾ, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ വിവിധ കർഷകരിൽ നിന്നാണ് വിതരണത്തിനാവശ്യമായ പഴങ്ങൾ ഹോർട്ടികോർപ്പ് സംഭരിക്കുന്നത്. നിലവിലെ പ്രതികൂല സാഹചര്യത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് സഹായകമാകുന്ന വിധത്തിലാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ പഴകിറ്റുകൾക്കാവശ്യമായ തുക സംഭാവനയായി നൽകും. മരട് പച്ചക്കറി മാർക്കറ്റിൽ കുടുംബശ്രീ അംഗങ്ങളാണ് പഴകിറ്റുകൾ തയ്യാറാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. 7000 പഴകിറ്റുകളാണ് ജില്ലയിൽ വിതരണത്തിനായി തയ്യാറാക്കുന്നത്.

മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സുഹാസ്, ഹോർട്ടികോർപ്പ് എം.ഡി ജെ. സജീവ്, അസി. സിറ്റി പോലീസ് കമ്മീഷ്ണർ ജി. പൂങ്കുഴലി, എസ്.പി കെ. കാർത്തിക്, അസി. കളക്ടർ എം.എസ് മാധവിക്കുട്ടി എന്നിവർ പങ്കെടുത്തു.

Related Topics

Share this story