Times Kerala

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തിക സ്ഥിതി: റിപ്പോർട്ട് നൽകാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന് ചുമതല

 
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തിക സ്ഥിതി: റിപ്പോർട്ട് നൽകാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന് ചുമതല

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ റവന്യു വരുമാനം, ചെലവ് എന്നിവയെപ്പറ്റി പ്രത്യേക പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷനോട് ആവശ്യപ്പെട്ടു.
കമ്പ്യൂട്ടർ, സ്പെയർ പാർട്ട്, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീചാർജ് സെന്ററുകൾ ഇവയൊക്കെ ആഴ്ചയിൽ ഏതെങ്കിലും ദിവസം തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാഹനങ്ങൾ നന്നാക്കാനുള്ള വർക്ക്ഷോപ്പുകൾ തുറക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് 19ന്റെ ഏതു സാഹചര്യത്തേയും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെ ഒന്നേകാൽ ലക്ഷത്തിലധികം ബെഡുകൾ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്. ഇതിനു പുറമെ പ്രത്യേക കൊറോണ കെയർ സെന്ററുകളും ഉണ്ട്. 10,813 ഐസലേഷൻ ബെഡ് ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ 517 കൊറോണ കെയർ സെന്ററുകളിൽ 17,461 ഐസലേഷൻ ബെഡുകളും ഉണ്ട്. പ്രത്യേക കൊറോണ കെയർ ഹോസ്പിറ്റൽ തയ്യാറാക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 31 കൊറോണ കെയർ ആശുപത്രികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് ചെയ്യാനുള്ള മാനദണ്ഡങ്ങൾ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി ചേർന്ന് ഉടൻ നിശ്ചയിക്കും. കാസർകോട് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി പ്രവർത്തനം തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു. നാലു ദിവസം കൊണ്ടാണ് മെഡിക്കൽ കോളേജിനെ കോവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. ആദ്യഘട്ടത്തിൽ കോവിഡ് രോഗബാധിതർക്ക് വേണ്ടി 200 ഓളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയാറാക്കിയത്. 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി ഉടൻ സജ്ജമാക്കും. ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്കെത്തിച്ചത്. കൂടാതെ ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് കെഎസ്ഇബി പത്ത് കോടി രൂപ സാമൂഹ്യ പ്രതിബന്ധത ഫണ്ടിൽ നിന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related Topics

Share this story