Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കൊറോണയെ  പത്രത്തില്‍ വായിച്ചും ടിവിയില്‍ കണ്ടും ആകുലപ്പെട്ടിരുന്നെങ്കിലും ഇത്ര പെട്ടെന്ന് പടിക്കലെത്തി ഗേറ്റിന് താഴിടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല; നടി നിഷ സാരംഗ്

ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിലെ ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ നായിക ‘നീലു’വായി ജനഹൃദയങ്ങൾ കീഴടക്കിയ പ്രശസ്ത ചലച്ചിത്ര – ടി.വി. താരം ആണ് നിഷ സാരംഗ്.സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയാണ് നിഷ സാരംഗ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലെ വീട്ടമ്മയുടെ വേഷം ആണ് പ്രശസ്തി നൽകിയത്. ഇപ്പോളിതാ ലോക് ഡൗണ്‍ നാളുകളെക്കുറിച്ച്  വീട്ടു വിശേഷം പങ്കുവെക്കുകയാണ്  നിഷ. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് മനസ് തുറന്നത്.

നിഷയുടെ വാക്കുകൾ ഇങനെ;

മകള്‍ രേവതിയും മരുമകന്‍ റോണിയും പേരക്കുട്ടി റയാനും ഇവിടെയുണ്ട്. ഒപ്പം ബാംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ ഇളയ മകള്‍ രേവിത ലോക് ഡൗണിന് മുന്‍പ് വീട്ടിലെത്തി. ജോലിക്ക് പോകുന്നവരാണെങ്കിലും സ്ത്രീകളുടെ ജീവിതത്തില്‍ ഇക്കാലം വലിയ മാറ്റമൊന്നും വരുത്തുന്നില്ല. വീട്ടു പണികളൊക്കെ കുറച്ചുകൂടി സാവകാശം ചെയ്യാനാകുമെന്ന് മാത്രം, മക്കള്‍ അടുത്തുളളതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുളളതൊക്കെ തയ്യാറാക്കി കൊടുക്കുന്നുണ്ട്. അപ്പോഴും ഞാനവരോട് പറയും. ഇത് ആര്‍ഭാടത്തിന്റെ സമയമല്ല. അത് മനസിലാക്കാന്‍ അവര്‍ക്കാവുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ വീട്ടിലിരുന്ന ഓർമ്മയില്ല.

കൊറോണയെന്നും കൊവിഡെന്നുമൊക്കെ പത്രത്തില്‍ വായിച്ചും ടിവിയില്‍ കണ്ടും ആകുലപ്പെട്ടിരുന്നെങ്കിലും ഇത്ര പെട്ടെന്ന് പടിക്കലെത്തി ഗേറ്റിന് താഴിടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. വീട്ടിലിരിക്കുന്നത് സന്തോഷമെങ്കിലും ഈ നേരം തനിക്ക് അങ്ങനെയല്ല. നാം സുരക്ഷിതമായ സ്ഥലത്ത് തന്നെ. കഴിക്കാന്‍ നല്ല ഭക്ഷണവുമുണ്ട്,. അങ്ങനെയല്ലാത്ത എത്രയെറേ ആളുകള്‍ പുറത്തുണ്ട്.

ഭക്ഷണം കിട്ടാത്തവര്‍, മക്കള്‍ കൂടെയില്ലാത്തവര്‍, രോഗികളായവര്‍, അവരുടെയെല്ലാം കാര്യം ഓര്‍ത്തപ്പോള്‍ നമ്മുടെ സന്തോഷം പോയിപ്പോവും. കൂട്ടുകാരൊക്കെ ഫോണകലത്തില്‍ ഉളളതുകൊണ്ട് പ്രശ്‌നമില്ല. അയല്‍പക്കത്തുളളവരുമായി മുറ്റത്തുനിന്നുളള ആകാശവാണി ബന്ധമേ ഇപ്പോഴൂളളൂ. ആവശ്യത്തിനുളള സാധനങ്ങള്‍ മാത്രം നേരത്തെ വാങ്ങിവെച്ചു. ഇടയ്ക്ക് മരുന്നു വാങ്ങാന്‍ കാറില്‍ പോകേണ്ടി വന്നപ്പോള്‍ സത്യവാങ് മൂലം കൈയ്യില്‍ കരുതിയിരുന്നു. ഇത്തരത്തിലൊരു അനുഭവം ആദ്യമാണ്.

ലോക് ഡൗണ്‍ കാലത്ത് വായന വീണ്ടും തുടങ്ങി. പണ്ട് വായനയായിരുന്നു വലിയ ഇഷ്ടം. പല തിരക്കുകളില്‍ അത് നിന്നുപോയി. ഇപ്പോള്‍ കിട്ടുന്ന നേരത്തൊക്കെ വായിക്കാന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയെ ആണ് ഒത്തിരി ഇഷ്ടം. ഒപ്പം ബഷീറും മുകുന്ദനുമെല്ലാം പ്രിയപ്പെട്ട എഴുത്തുകാരാണ് . പ്രത്യാശയോടെ ജീവിതത്തെ കാണാന്‍ ആ എഴുത്തുകള്‍ വെളിച്ചമാണ്. സാഹചര്യം മാറുമെന്നും തിരികെ എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

You might also like

Comments are closed.