Times Kerala

കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ‘ടെലി ഡോക്ടര്‍’പ്രോഗ്രാം ആരംഭിച്ചു

 
കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി  ‘ടെലി ഡോക്ടര്‍’പ്രോഗ്രാം ആരംഭിച്ചു

കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ‘ടെലി ഡോക്ടര്‍’ പ്രോഗ്രാം ആരംഭിച്ചു. കോന്നി നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ ഡോക്ടര്‍മാരുടെ സേവനം ടെലഫോണില്‍ ലഭ്യമാകുന്ന പരിപാടിയാണ് ‘ടെലിഡോക്ടര്‍’.

കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ജനങ്ങള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്നുണ്ട്. എന്നാല്‍, ഡോക്ടറെ കാണേണ്ട ആവശ്യവുമായി നിരവധി ആളുകള്‍ എംഎല്‍എയുടെ ഹെല്‍പ്പ് ഡെസ്‌കിലേക്ക് ടെലഫോണ്‍ ചെയ്ത് ആവശ്യപ്പെടുന്ന സ്ഥിതിയുണ്ട്. പല ആശുപത്രികളിലും ഇപ്പോള്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. കൂടാതെ ലോക് ഡൗണിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ആശുപത്രികളിലെത്താനുള്ള അസൗകര്യവും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ആളുകള്‍ക്ക് ഡോക്ടറെ ടെലഫോണ്‍ വഴി ബന്ധപ്പെട്ട് ചികിത്സ തേടുന്നതിനുള്ള സൗകര്യമാണ് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുള്ളത്.

ഈ പരിപാടിയില്‍ 28 ഡോക്ടര്‍മാരുടെ സേവനമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി,സര്‍ജറി തുടങ്ങിയ മോഡേണ്‍ മെഡിസിന്‍ വിഭാഗങ്ങളിലും, ഹോമിയോപ്പതി ആയുര്‍വേദം തുടങ്ങിയ വിഭാഗങ്ങളിലുമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ടെലഫോണ്‍ വഴി ഡോക്ടര്‍മാരുടെ സേവനം നേടിക്കഴിഞ്ഞാല്‍ രോഗിയുടെ കുറിപ്പടി ഡോക്ടര്‍മാര്‍ വാട്സാപ്പ് വഴി എംഎല്‍എ ഓഫീസിലെ കൈത്താങ്ങ് ഹെല്‍പ്പ് ഡെസ്‌ക്ലേക്ക് നല്‍കുകയും കൈത്താങ്ങ് വോളണ്ടിയര്‍മാര്‍ മരുന്നു വാങ്ങി വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്യും. ഡോക്ടര്‍മാരുടെ സേവനം തേടി വിളിക്കുന്നവര്‍ അവരുടെ ശരീരഭാരം, നിലവില്‍ ഏതെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ, എന്തെങ്കിലും രോഗമുണ്ടോ തുടങ്ങിയ വിവരം ഡോക്ടറോട് പറയണം.

Related Topics

Share this story