Times Kerala

കോവിഡ് രോഗബാധയ്ക്ക് തടയിട്ട ഡോക്ടര്‍മാര്‍ക്ക് രാജു എബ്രഹാം എംഎല്‍എയുടെ അഭിനന്ദനം

 
കോവിഡ് രോഗബാധയ്ക്ക് തടയിട്ട  ഡോക്ടര്‍മാര്‍ക്ക് രാജു എബ്രഹാം എംഎല്‍എയുടെ അഭിനന്ദനം

കോവിഡ് 19 രോഗബാധയ്ക്ക് തടയിട്ട് കേരളത്തെ ജാഗ്രതപ്പെടുത്തിയ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരെ രാജു എബ്രഹാം എംഎല്‍എ ആശുപത്രിയിലെത്തി അഭിനന്ദിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എം.ശംഭു, ഡോ.ആനന്ദ് എന്നിവരെയാണ് എംഎല്‍എ അഭിനന്ദിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയവരുടെ ബന്ധുക്കളില്‍ രോഗബാധ കണ്ടെത്തുന്നതിനു സഹായിച്ചത് ഇവരാണ്.

രോഗികളുമായി ഇടപെട്ടതിനാല്‍ ഐസലേഷനില്‍ ആയിരുന്ന ഡോ.ആനന്ദ് ഞായറാഴ്ചയാണു വീണ്ടും ഡ്യൂട്ടിക്ക് എത്തിയത്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളുടെ സഹോദരനെ പരിശോധിക്കുമ്പോഴാണ് ഡോ.ആനന്ദിന് സംശയം ഉണ്ടായത്. ഉടന്‍തന്നെ ആശുപത്രി സൂപ്രണ്ട് ഡോ.ശംഭുവിനെ വിവരമറിയിക്കുകയും ഇരുവരും ചേര്‍ന്നു രോഗികളോട് കൂടുതല്‍ അന്വേഷണം നടത്തി. അപ്പോഴാണു സഹോദരനും കുടുംബവും ഇറ്റലിയില്‍ നിന്ന് എത്തിയതും തലേദിവസം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതും ഡോക്ടര്‍മാരോട് വിവരിച്ചത്.

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വിളിച്ച് ഇവരുടെ രോഗലക്ഷണങ്ങളെപ്പറ്റി അന്വേഷിച്ചപ്പോഴാണ് ഇവരെല്ലാം കോവിഡ് രോഗികളാണെന്ന് ഡോക്ടര്‍മാര്‍ക്ക് ഏകദേശം മനസിലായത്. ഉടന്‍ ഡിഎംഒയെ വിവരമറിയിക്കുകയും എല്ലാവരേയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇല്ലായിരുന്നെങ്കില്‍ രോഗബാധിതരാണെന്നുള്ള വിവരം അറിയാതെ ഈ കുടുംബങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സഞ്ചരിക്കുകയും ആളുകളിലേക്കു രോഗം പടരാന്‍ ഇടയാക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തേനെ.

Related Topics

Share this story