കാസർകോട് : നിസാമുദ്ദിനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മദനിജിയെത്തിയ കാസർകോട് മുളിയാർ മാസ്തിക്കുണ്ട് സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷം. സമ്മേളനത്തിനു മുന്നോടിയായ അനുബന്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വിമാനത്തിൽ കൊച്ചിയിലും തുടർന്നു ട്രെയിനിൽ കാസർകോട്ടും എത്തുകയായിരുന്നു.
ഈ മാസം 4നാണു രോഗം സ്ഥിരീകരിച്ചത്. അപ്പോഴേക്കും 24 ദിവസം പിന്നിട്ടിരുന്നു. നിരീക്ഷണ കാലത്തിനു ശേഷവും രോഗം കണ്ടത് വൈറസിന്റെ ജനിതകമാറ്റം കാരണമാണോയെന്ന് ആരോഗ്യ വിദഗ്ധർ സംശയിക്കുന്നുണ്ട്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതു കൊണ്ട് മാത്രമാണ് നിരീക്ഷണ കാലത്തു രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തിന്റെ സ്രവം പരിശോധിച്ചത്. അതേസമയം, ഇയാൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത സഹയാത്രക്കാരെ കണ്ടുപിടിക്കുക ജില്ലാഭരണകൂടത്തിന് കടുത്ത വെല്ലുവിളിയാണ്. രോഗം സ്ഥിരീകരിക്കുന്നതു വരെ ഇദ്ദേഹം മാസ്തിക്കുണ്ട് പള്ളിയിൽ 2 ജുമുഅ നമസ്കാരങ്ങൾ, അമ്മങ്കോട്ടെ വിവാഹം ഉൾപ്പെടെ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തതായി ആരോഗ്യ വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. റൂട്ട്മാപ്പ് പൂർണമായും തയാറാക്കാനായിട്ടില്ല. ഇദ്ദേഹവുമായി നിരന്തരം സമ്പർക്കം പുലർത്തിയ സുഹൃത്തിനെ കാര്യമായ രോഗലക്ഷണങ്ങളോടെ ഇന്നലെ ജനറൽ ആശുപത്രിയിലെ ഐസലേഷനിൽ പ്രവേശിപ്പിച്ചു.
Comments are closed.