Times Kerala

തപാൽ വകുപ്പ് വഴി ഇനി വീട്ടുപടിക്കൽ പണമെത്തും

 
തപാൽ വകുപ്പ് വഴി ഇനി വീട്ടുപടിക്കൽ പണമെത്തും

ബാങ്ക് അക്കൗണ്ടിലെ പണം ഇനി തപാൽ വകുപ്പ് വഴി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. ക്ഷേമപെൻഷനും സ്‌കോഷർഷിപ്പും ഉൾപ്പെടെയുള്ളവ ലോക്ക്ഡൗൺ കാലത്ത് ബാങ്കുകളിൽ എത്താതെതന്നെ കൈപ്പറ്റാവുന്ന പദ്ധതിയ്ക്ക് തുടക്കമായി. ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടു.
ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഇത്തരത്തിൽ പോസ്റ്റ് ഓഫീസിൽ വിളിച്ചാൽ പോസ്റ്റുമാൻ മുഖേന വീട്ടിലെത്തിക്കും.
ക്ഷേമപെൻഷനുകളുടെയും സ്‌കോളർഷിപ്പുകളുടെയും അടുത്ത ഗഡു എട്ടാംതീയതിമുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തുമെന്നും ഇക്കാലയളവിൽ വീട്ടിലിരുന്ന് തന്നെ പണം ലഭ്യമാക്കാൻ ഈ പദ്ധതി ഏറെ സഹായകമാകുമെന്ന് ധനമന്ത്രി പറഞ്ഞു.
ഇതിനായി ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണും ആധാർ നമ്പരും മാത്രമാണ്. വീട്ടിലെത്തുന്ന തപാൽ ജീവനക്കാരനോട് മൊബൈൽ നമ്പർ പറയുന്നു. ശേഷം ലഭിക്കുന്ന ഒ.ടി.പി അദ്ദേഹവുമായി പങ്കിടുന്നു. തുടർന്ന് ബയോമെട്രിക് സ്‌കാനിംഗ് വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് പണം കൈമാറും.

Related Topics

Share this story