Times Kerala

”ഡൊണേറ്റ് മൈ കിറ്റ്” ഭക്ഷ്യധാന്യ കിറ്റ് വിട്ടുനൽകി മണിയൻപിള്ള രാജു

 
”ഡൊണേറ്റ് മൈ കിറ്റ്” ഭക്ഷ്യധാന്യ കിറ്റ് വിട്ടുനൽകി മണിയൻപിള്ള രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ സൗജന്യമായി നൽകാൻ പോകുന്ന ഭക്ഷ്യധാന്യകിറ്റ് അർഹരായ പാവങ്ങൾക്ക്‌ വിട്ടുനൽകി നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിനുള്ള കിറ്റ് അർഹർക്ക് നൽകാൻ അദ്ദേഹം സമ്മതപത്രം നൽകിയത്‌. അർഹനായ ഒരാൾക്ക് തന്റെ സംഭാവന സഹായകമാകുമെങ്കിൽ അതിലാണ്‌ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികശേഷിയുള്ളവർ പാവങ്ങൾക്കായി ഇങ്ങനെ ചെയ്യണമെന്നും രാജു പറഞ്ഞു.

കഴിഞ്ഞദിവസം റേഷൻ കടയിൽ പോയി 15 കിലോ സൗജന്യ അരി വാങ്ങിയതിനെക്കുറിച്ചും അതിന്റെ ഗുണമേന്മയെക്കുറിച്ചും മണിയൻപിള്ള രാജു അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.റേഷൻ ഭക്ഷ്യധാന്യങ്ങൾക്ക് പുറമെ, 16 ഇനം ഭക്ഷ്യസാമഗ്രികൾ ഉൾപ്പെടുന്ന കിറ്റാണ്‌ സർക്കാർ നൽകുന്നത്‌. സാമ്പത്തികശേഷിയുള്ളവർക്ക് ഇത് അർഹരായവർക്ക് കൈമാറം. അതിന്‌ ഓൺലൈൻ സൗകര്യമുണ്ട്‌. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ (www.civilsupplieskerala.gov.in) ‘ഡൊണേറ്റ് മൈ കിറ്റ്’ ലിങ്കിൽ ക്ലിക്ക് ചെയ്ത് കാർഡ് നമ്പർ നൽകിയാൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച്‌ ലളിതമായി കിറ്റ് സംഭാവന ചെയ്യാം.

Related Topics

Share this story