Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

വിളഞ്ഞ മുന്തിരിത്തോപ്പുകൾ, വിളവെടുക്കാനും വാങ്ങാനും ആളില്ല; നാസിക്കിലെ കര്‍ഷകർ പ്രതിസന്ധിയിൽ

വിളഞ്ഞ മുന്തിരിത്തോപ്പുകളിലെ മുന്തിരികള്‍ എന്തുചെയ്യണമെന്നറിയാതെ നാസിക്കിലെ കര്‍ഷകര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വിപണിയിലേക്കെത്താത്തതും ജോലിക്കെത്താത്തതും കർഷകർക്ക് തിരിച്ചടിയായി.

വിളഞ്ഞുകിടക്കുകയാണ് നാസിക്കിലെ മുന്തിരി പാടങ്ങള്‍. എന്നാൽ, വിളവെടുക്കാനും വാങ്ങാനും ആളില്ല. വീഞ്ഞിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന നാസിക്കിലെ കര്‍ഷകര്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. മുന്തിരിയുടെ കയറ്റുമതിയാണ് ഇവിടെ കൂടുതലായും ഉണ്ടായിരുന്നത്. ലോക്ക് ഡൗണില്‍ വിപണി നിശ്ചലമായതോടെ മുന്തിരിയുടെ സംഭരണവും പ്രതിസന്ധിയിലായിട്ടുണ്ട്.

വിള‍ഞ്ഞ മുന്തിരികള്‍ വിളവെടുക്കാൻ തൊഴിലാളികളും എത്താതായതോടെ പാകമായ മുന്തിരിക്കുലകള്‍ പഴുത്ത് ചീയാനും തുടങ്ങിയിട്ടുണ്ട്. കിട്ടുന്ന ആളുകളെ വെച്ച് മുന്തിരി പറിച്ചെടുത്ത് ഉണക്കമുന്തിരിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.

വില താരതമ്യേന കുറവെ കിട്ടൂവെങ്കിലും മുന്തിരികള്‍ നശിച്ചുപോവാതിരിക്കുമല്ലോ എന്നാശ്വസിക്കുകയാണ് കര്‍ഷകര്‍. തോട്ടങ്ങളില്‍ പണിയെടുത്തിരുന്നവരൊക്കെ പട്ടിണിയിലാണിപ്പോള്‍. വാടകയും ഭക്ഷണവുമൊക്കെ ബുദ്ധിമുട്ടായപ്പോള്‍ പലരും അടുത്തുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോവുകയും ചെയ്തു. വിളവെടുപ്പകാലം തീരും മുന്‍പേ മ‍ടങ്ങിവരാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് അവരെല്ലാം.

You might also like

Comments are closed.