ഗംഭീര പ്രകടനങ്ങളിലൂടെ അഭിനേതാക്കൾ മലയാള സിനിമയെ ഞെട്ടിച്ച വർഷമായിരുന്നു 2019. നായകൻ, നായിക, സഹതാരങ്ങൾ, നെഗറ്റീവ് കഥാപാത്രങ്ങൾ എന്നിങ്ങനെയുള്ള വ്യവസ്ഥാപിത അതിർവരമ്പുകളെ പൊളിച്ചടുക്കി അഭിനേതാക്കളും സംവിധായകരും പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കി. അക്കൂട്ടത്തിൽ മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച നടനാണ് സൈജു കുറുപ്പ്. ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു സൈജു കുറുപ്പിന്റെ 2019ലെ പകർന്നാട്ടങ്ങൾ.
ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നൻ, ഡ്രൈവിങ് ലൈസൻസിലെ ജോണി പെരിങ്ങോടൻ എന്ന രാഷ്ട്രീയക്കാരൻ, ജാക്ക് ആന്റ് ഡാനിയേലിലെ ഡിവൈഎസ്പി ഫിലിപ്പ്, പ്രതി പൂവൻ കോഴിയിലെ പൊലീസ് ഉദ്യോഗസ്ഥൻ, കോടതി സമക്ഷം ബാലൻ വക്കീലിലെ വിദ്യാധരൻ, പ്രണയമീനുകളുടെ കടലിലെ എസ്ഐ എൽദോ, ജനമൈത്രിയിലെ സംയുക്തൻ… എന്നിങ്ങനെ അഭിനയിച്ച വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോളിതാ സിനിമയിൽ വേണ്ടത്ര അവസരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോൾ സംവിധാനം ചെയ്താലോയെന്ന് ആലോചിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് നടൻ സൈജു കുറുപ്പ്.
അന്നത്തെ പ്രായത്തിന്റെ പക്വതക്കുറവായിട്ടെ അതൊക്കെ തോന്നിയിട്ടുള്ളൂ. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് സംവിധാനമെന്ന് പിന്നീട് മനസ്സിലായി. എനിക്ക് തെറ്റില്ലാതെ ചെയ്യാൻ കഴിയുന്ന ജോലിയാണ് അഭിനയം. അത് വൃത്തിയായി ചെയ്യുന്നതല്ലേ അതിന്റെ ഭംഗി.
നന്നായി സംവിധാനം ചെയ്യാൻ അറിയാവുന്ന ഒരുപാടു പേർ ഇന്ന് മലയാള സിനിമയിലുണ്ട്. ഭാവിയിൽ സിനിമ നിർമ്മിക്കണമെന്ന് ആഗ്രഹമുണ്ട്. സിനിമയിൽ നിന്ന് അത്യാവശ്യം സമ്പാദ്യമൊക്കെ ലഭിക്കുന്ന അവസ്ഥയിൽ മാത്രമേ അങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Comments are closed.