ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ രാജ്യത്തെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ലെങ്കിലും റെയിൽവേ തയാറെടുപ്പുകൾ ആരംഭിച്ചു. റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് രൂപരേഖ തയാറാക്കാൻ വിവിധ സോണുകൾക്ക് റെയിൽവേ നിർദേശം നൽകി.
റെയിൽവേ ബുക്കിംഗ് സൂപ്പർവൈസേഴ്സ്, റെയിൽവേ സുരക്ഷാ കമ്മീഷണർ, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടേഴ്സ് തുടങ്ങിയവരോടാണ് തുടർന്നുള്ള കാര്യങ്ങളെക്കുറിച്ചും ജീവനക്കാരെ വിന്യസിക്കുന്നതിനെക്കുറിച്ചും പദ്ധതി തയാറാക്കാൻ റയിൽവേവകുപ്പ് നിർദേശിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഭാഗികമായാണ് സർവീസ് തുടങ്ങുക. ഇതു സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ വിവിധ സോണുകൾക്ക് നിർദേശം നൽകി. കോവിഡ് ഹോട്ട്സ്പോട്ട് മേഖലകളുടെ കാര്യത്തിലും എന്തു ചെയ്യണമെന്ന് റെയിൽവേ ഉടൻ തീരുമാനമെടുക്കും. കർശനമായ നിയന്ത്രങ്ങളോടെയാകും ഗതാഗതം പുനഃരാരംഭിക്കുന്നത്. അതിനായ് പ്രത്യേക പ്രോട്ടോക്കോൾ പിന്തുടരാനാണ് റയിൽവേ ആലോചിക്കുന്നത്. തെർമൽ സ്ക്രീനിംഗ് അടക്കം യാത്രക്കാരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അറിയിച്ചു.
ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതോടെ ജനത്തിരക്ക് സ്വഭാവികമായും ഉണ്ടാകുമെന്നും അതുകൊണ്ടു തന്നെ യാത്രക്കാർക്കെല്ലാം മാസ്ക് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കാനും റയിൽവേ ആലോചിക്കുന്നു.
Comments are closed.