Times Kerala

വിഷുക്കണി എങ്ങനെ ഒരുക്കാം?..!

 
വിഷുക്കണി എങ്ങനെ ഒരുക്കാം?..!

“വിഷു” എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. പുതുതായി വരുന്ന വർഷത്തിന്റെ മുഴുവൻ ഐശ്വര്യത്തിനുമായാണ് പുലർച്ചെ കണി കാണുന്നത്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. സ്വര്ണഷവര്ണ്ണടത്തിനാണ് പ്രാധാന്യം. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌.

ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. കണ്ണാടിയില്‍ (ഭഗവതിയുടെ പ്രതീകം) കൂടി വേണം കണികാണാന്‍, അപ്പോള്‍ എല്ലാം വെട്ടിത്തിളങ്ങുന്നതായി തോന്നും. കണ്ണാടിയില്‍ കൂടി, സ്വന്തം പ്രതിബിംബത്തില്‍ കൂടി, ഈശ്വരന്റെ സാമീപ്യം മനസ്സിലാക്കാന്‍ കഴിയണം. വീട്ടിലെപ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌.

Related Topics

Share this story