Times Kerala

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

 
വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും.

എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും.  കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

1.വിഷുക്കഞ്ഞി

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

പച്ചരിയും ചെറുപയറും കൊണ്ടുണ്ടാക്കുന്ന വിഭവമാണ് വിഷുക്കഞ്ഞി. എറണാകുളത്തെ പരമ്പരാഗതമായ ഒരു വിഷു വിഭവമാണിത്. രാവിലെതന്നെ വിഷുക്കഞ്ഞി പാകപ്പെടുത്തും.

ചേരുവകള്‍:

പച്ചരി-1 കിലോ
ചെറുപയര്‍-അരക്കിലോ
ശര്‍ക്കര-അരക്കിലോ
മധുരം കൂടുതല്‍ വേണ്ടവര്‍ക്കു കൂടുതല്‍ ചേര്‍ക്കാം.
തേങ്ങാപ്പാല്‍-ഒന്നര തേങ്ങയുടെ
ഒന്നാംപാലും രണ്ടാംപാലും.
നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ്,
ഏലയ്ക്കാ, ചുക്ക്-ആവശ്യത്തിന്.

തയാറാക്കുന്നവിധം:

ചുവടുകട്ടിയുള്ള പാത്രത്തില്‍ ആദ്യം ചെറുപയര്‍ വേവിക്കുക. പയര്‍ ഒരുവിധം വെന്തുതുടങ്ങുമ്പോള്‍ പച്ചരി ഇടണം. അരിയും പയറും തേങ്ങയുടെ രണ്ടാംപാലില്‍ വേവിക്കണം. പാകത്തിനു വെന്തുവരുമ്പോള്‍ നെയ്യും എലയ്ക്കാ പൊടിച്ചതും ചുക്കും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കുക. തേങ്ങയുടെ ഒന്നാംപാല്‍ അവസാനം ഒഴിച്ചു തിളപ്പിച്ചു വാങ്ങിവയ്ക്കാം.

2 .വിഷുക്കട്ട

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

ആവശ്യമുള്ള സാധനങ്ങള്‍:

പച്ചരി- ഒരു നാഴി

തേങ്ങ- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

തേങ്ങ ചിരകി ഒന്നാം പാല് (തന്‍ പാല് ) മാറ്റി വയ്ക്കുക. അല്‍പം ചൂട് വെള്ളം ചേര്‍ത്ത് തേങ്ങ ചിരകിയത് വീണ്ടും തിരുമ്മുക. അതില്‍ നിന്നും വീണ്ടും പിഴിഞ്ഞ് രണ്ടാം പാല് എടുത്ത് മാറ്റി വയ്ക്കുക. ബാക്കിയുള്ള തേങ്ങയില്‍ വീണ്ടും ഇളം ചൂടുവെള്ളം ഒഴിച്ച് പിഴിഞ്ഞ് മൂന്നാം പാല് എടുക്കുക. ഈ മൂന്നാം പാലില്‍ പച്ചരിയിട്ട് വേവിക്കുക.

ഒന്ന് രണ്ട് ആവി വന്നു കഴിഞ്ഞാല്‍ അതില്‍ രണ്ടാം പാല് ഒഴിക്കുക. പാകത്തിന് അല്‍പ്പം ഉപ്പ് ചേര്‍ക്കുക. വീണ്ടും വേവിക്കുക. ഏതാണ്ട് വറ്റി വരുമ്പോള്‍ നല്ല ജീരകം അല്‍പ്പമെടുത്ത് തിരുമ്മിപ്പൊടിച്ച് ഇടുക. പിന്നീട് അതിലേക്ക് ഒന്നാം പാല് ഒഴിക്കുക. അല്‍പ്പം കഴിഞ്ഞാല്‍ അതെടുത്ത് പരന്ന പാത്രത്തില്‍ ഒഴിച്ചു വയ്ക്കുക. അല്‍പം സമയം കഴിയുമ്പോള്‍ അത് കട്ട പിടിക്കും. ഇത് ആവശ്യാനുസരണം മുറിച്ചെടുത്ത് കഴിക്കാം.

3 .വിഷുപ്പുഴുക്ക്

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

ആവശ്യമുള്ള സാധനങ്ങള്‍:

ഇടിച്ചക്ക – പകുതി കഷ്ണം

മത്തന്‍ (പഴുത്തത്)- ഒരു കഷ്ണം

വെള്ളപ്പയര്‍- 1 /4 കപ്പ്

വാഴക്കായ് – ഒരു എണ്ണം

അമരക്കായ് – അഞ്ച് എണ്ണം

(ഇവയെല്ലാം വലിയ കഷ്ണങ്ങളായി നുറുക്കണം)

മസാല:

പച്ചമുളക് – രണ്ട്

നാളികേരം – ഒരു മുറി

കറിവേപ്പില – കുറച്ച്

എന്നിവ ഒരു വിധം അരക്കുക.

പാചകം ചെയ്യേണ്ട വിധം:

വെള്ളപ്പയര്‍ വേവിക്കുക. ചക്ക, വാഴക്ക എന്നിവ പകുതി വെന്തുകഴിയുമ്പോള്‍ അമരക്കയും മത്തനും ചേര്‍ക്കുക. ഒരു സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മഞ്ഞപ്പൊടി, ആവശ്യത്തിന് ഉപ്പ്, മസാല (തയ്യാറാക്കിയത്) എന്നിവ ചേര്‍ത്ത് തിളപ്പിയ്ക്കുക. വാങ്ങാറാകുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇളക്കി വാങ്ങിവെക്കുക.

4 .നെയ്യപ്പം

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

ചേരുവകള്‍:

അരി – 1 കിലോ
ശര്‍ക്കര -1 കിലോ
തേങ്ങ – ആവശ്യത്തിന്

തയാറാക്കുന്നവിധം:

അല്പം തരിയോടെ പൊടിച്ചെടുത്ത അരിപ്പൊടിയില്‍ ശര്‍ക്കരപ്പാനി കാച്ചിയതു ചൂടോടെ ഒഴിച്ച് ഇളക്കുക. ഇതില്‍ ഏലയ്ക്കാപൊടിച്ചതു ചേര്‍ക്കുക. തേങ്ങ ചെറുതായി അരിഞ്ഞു വറുത്തതോ പീര വറുത്തതോ ചേര്‍ത്ത് ഇളക്കുക. അരിപ്പൊടി കുഴയ്ക്കുമ്പോള്‍ വെള്ളം അധികമാകാതെ ശ്രദ്ധിക്കണം. അല്പം കട്ടിയില്‍ വിരലില്‍നിന്നു മുറിഞ്ഞുവീഴുന്ന പാകത്തില്‍വേണം കുഴയ്ക്കാന്‍. ചീനച്ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ മാവു ചെറുതവിയില്‍ കോരി ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് മൂപ്പിച്ചെടുക്കാം.

5 .മാമ്പഴപ്പുളിശേരി

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

ചേരുവകള്‍:

പഴുത്ത നാട്ടുമാങ്ങ-5
വെള്ളരിക്ക-ഒരു കഷണം
മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ സ്പൂണ്‍
തേങ്ങ-1 മുറി
ജീരകം-കാല്‍ സ്പൂണ്‍
പച്ചമുളക്-3 എണ്ണം
തൈര്-ആവശ്യത്തിന്
വറ്റല്‍ മുളക്, കടുക്, ഉലുവ, കറിവേപ്പില കടുകുവറുക്കാന്‍.

തയാറാക്കുന്നവിധം:

തൊലികളഞ്ഞ പഴുത്ത നാട്ടുമാങ്ങ മുഴുവനായോ കഷണങ്ങളായി നുറുക്കിയോ വെള്ളരിക്ക കഷണങ്ങളും ചേര്‍ത്ത് ആദ്യം വേവിക്കുക. മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തു വേണം വേവിക്കാന്‍. അരപ്പു തയാറാക്കാന്‍ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക. തൈരോ വെള്ളമോ ചേര്‍ത്ത് അരയ്ക്കാം. തൃശൂരുകാര്‍ തൈരു ചേര്‍ത്താണ് അരയ്ക്കുന്നത്. വെള്ളം ചേര്‍ത്താണ് അരയ്ക്കുന്നതെങ്കില്‍ തൈര് അവസാനം ചേര്‍ക്കണം. കടുകു വറുക്കുമ്പോള്‍ ആദ്യം ഉലുവയിടണം. ഉലുവ ചുവന്നു മൂക്കുമ്പോള്‍ കടുകും വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ക്കുക. കടുകു വറുത്തശേഷം വെന്ത കഷണങ്ങളും അരപ്പും ചേര്‍ത്ത് ഇളക്കുക

6 .ചക്ക എരിശേരി

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

ചേരുവകള്‍:

ചക്കച്ചുള ചെറുതായി അരിഞ്ഞത്-1 കപ്പ്
മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 നുള്ള്
തേങ്ങ-1 മുറി
ജീരകം-കാല്‍ സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
വറ്റല്‍മുളക്, തേങ്ങ കടുക്, വെളിച്ചെണ്ണ കടുകു വറുക്കുവാന്‍ ആവശ്യത്തിന്.

തയാറാക്കുന്നവിധം:

ചക്കച്ചുള ചെറുതായി അരിഞ്ഞത് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തു വേവിക്കുക. ചക്കക്കുരു വേണമെങ്കില്‍ ചേര്‍ത്തു വേവിക്കാം. കഷണം വേവുമ്പോള്‍ തേങ്ങയും ജീരകവും അരച്ചതു ചേര്‍ക്കുക. കടുകുവറുക്കുമ്പോള്‍ കുറച്ചു തേങ്ങയും കൂടി ഇട്ടു ചുവക്കുന്നതുവരെ വറുക്കുക. ഇതിലേക്ക് കഷണങ്ങളും അരപ്പും ചേര്‍ന്ന കൂട്ടിട്ട് ഇളക്കുക. ചൂടുള്ള എരിശേരി തയാര്‍.

7 .സാമ്പാര്‍

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

ആവശ്യമുള്ള സാധനങ്ങള്‍:

തുവരപ്പരിപ്പ്‌ വെന്തത്‌ – 1 കപ്പ്‌

സവാള നാലായി മുറിച്ചത്‌ – അരക്കപ്പ്‌

ഉരുളക്കിഴങ്ങ്‌ (നാലായി മുറിച്ചത്‌) – 1 എണ്ണം

വെണ്ടയ്‌ക്ക (നീളത്തില്‍ അരിഞ്ഞത്‌) – 4 എണ്ണം

കൊത്തമരയ്‌ക്ക (1/2 ഇഞ്ച്‌ നീളത്തില്‍ അരിഞ്ഞത്‌) – നാലെണ്ണം

വെള്ളരിക്ക (ചെറുതായി മുറിച്ചത്‌) – 1 കപ്പ്‌

മുരിങ്ങയ്‌ക്ക (നീളത്തില്‍ മുറിച്ചത്‌) – ഒന്ന്‌

വറ്റല്‍മുളക്‌ – 4 എണ്ണം

മല്ലി – 1/2 കപ്പ്‌

കായം (ചെറിയ കഷണം) – 1

ഉലുവ – ഒരു നുള്ള്‌

എണ്ണ – 2 ടീസ്‌പൂണ്‍

കടുക്‌ – 1 ടീസ്‌പൂണ്‍

കറിവേപ്പില – 1 തണ്ട്‌

പുളി – ഒരു നെല്ലിക്ക വലിപ്പം

തയ്യാറാക്കുന്ന വിധം:- സവാള, ഉരുളക്കിഴങ്ങ്‌. വെണ്ടയ്‌ക്ക, കൊത്തമരയ്‌ക്ക, വെള്ളരിക്ക, മുരിങ്ങയ്‌ക്ക, വറ്റല്‍മുളക്‌ എന്നിവ ഉപ്പ്‌ ചേര്‍ത്ത്‌ വേവിക്കുക. മല്ലി, കായം, ഉലുവ എന്നിവ ചൂടാക്കി പൊടിച്ചെടുക്കുക. വേവിച്ച പച്ചക്കറികളില്‍ തുവരപ്പരിപ്പിട്ട്‌ പാകത്തിന്‌ വെള്ളംചേര്‍ത്ത്‌ തിളയ്‌ക്കുമ്പോള്‍ പൊടിച്ച പൊടിയും, പുളി പിഴിഞ്ഞ ചാറും ചേര്‍ത്തു തിളപ്പിക്കുക. തവയില്‍ എണ്ണയൊഴിച്ച്‌ കടുക്‌ പൊട്ടുമ്പോള്‍ കറിവേപ്പില ചേര്‍ത്ത്‌ കറിയില്‍ ചേര്‍ക്കുക. ചൂടോടെ വിളമ്പാം.

8 .ചക്ക പായസം

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

ചേരുവകള്‍:

ഉണക്കലരി- 1 കപ്പ്

പഴുത്ത ചക്കച്ചുള- 1/2 കിലോ

ശര്‍ക്കര (ചുരണ്ടിയത്)- 1/2 കിലോ

നെയ്യ്- 2 ടീസ്പൂണ്‍

തേങ്ങ (ചിരകിയത്)- 1

തേങ്ങാക്കൊത്ത്- 1/2 കപ്പ്

ഏലയ്ക്ക- 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഉണക്കലരി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. അരി തിളയ്ക്കുമ്പോള്‍ ഇതിലേക്ക് ചക്ക അരിഞ്ഞതും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. നന്നായി വെന്ത് വരുമ്പോള്‍ ശര്‍ക്കരയും നെയ്യും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് കുറുകിയതിന് ശേഷം രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇത് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക. തിളച്ചതിന് ശേഷം തിളച്ചതിന് ശേഷം ഏലയ്ക്കാപ്പൊടിയും വറുത്ത തേങ്ങാക്കൊത്തും വിതറി വാങ്ങിവെയ്ക്കുക.

9 .പുളി ഇഞ്ചി

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

ചേരുവകള്‍ :

ഇഞ്ചി – 1/4 കപ്പ് (കുരുകുരെ അരിഞ്ഞത്)

പച്ചമുളക് – 3 എണ്ണം (വട്ടത്തില്‍ അരിഞ്ഞത്)

പുളിചെറുനാരങ്ങ – വലിപ്പത്തില്‍

മുളക് പൊടി – 1/2 ടീസ്പൂണ്‍

മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍

ശര്‍ക്കര പൊടിച്ചത് – 1 ടീസ്പൂണ്‍

വെളിച്ചെണ്ണ – 2 ടീസ്പൂണ്‍

കടുക് 1/2 ടീസ്പൂണ്‍

ഉപ്പ്

കറിവേപ്പില

പാകം ചെയ്യുന്ന വിധം:

ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ കടുകും കറിവേപ്പിലയും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞിട്ടു അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും പച്ചച്ചുവ മാറുന്നതുവരെ വഴറ്റുക. മഞ്ഞള്‍ പൊടിയും മുളക് പൊടിയും മല്ലിപൊടിയും ഇതിലേക്ക് ഇട്ട് വീണ്ടും 1 മിനിറ്റ് വഴറ്റുക.പുളി പിഴിഞ്ഞെടുത്ത വെള്ളം(ഏകദേശം 1 1/2 ഗ്ലാസ് ) ഇതിലേക്ക്

ഒഴിക്കുക.വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ ശര്‍ക്കര ഇടുക.വെള്ളം വറ്റി നന്നായി കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം.

10 .അവിയല്‍

വിഷു സ്പെഷ്യൽ വിഭവങ്ങൾ..!

ആവശ്യമുള്ള സാധനങ്ങള്‍:

വെള്ളരിക്ക (നീളത്തില്‍ അരിഞ്ഞത്‌) – 1/4 കപ്പ്‌

പടവലങ്ങ (നീളത്തില്‍ അരിഞ്ഞത്‌) – 1/4 കപ്പ്‌

ചേന (നീളത്തില്‍ അരിഞ്ഞത്‌) – 1/4 കപ്പ്‌

അച്ചിങ്ങ- (നീളത്തില്‍ ഒടിച്ചത്‌) – 1/4 കപ്പ്‌

കാരറ്റ്‌ (നീളത്തില്‍ അരിഞ്ഞത്‌) – 1/4 കപ്പ്‌

മുരിങ്ങക്ക (ഒരിഞ്ച്‌ നീളത്തില്‍ മുറിച്ചത്‌) – 1/4 കപ്പ്‌

മാങ്ങ(പുളിയുള്ളത്‌) – ആവശ്യത്തിന്‌

തേങ്ങ – 1 കപ്പ്‌

മഞ്ഞള്‍പൊടി – 1/4 ടീസ്‌പുണ്‍

മുളകുപൊടി – 1/4 ടീസ്‌പുണ്‍

പച്ചമുളക്‌ – 4 എണ്ണം

ജീരകം – ഒരു നുള്ള്‌

ഉപ്പ്‌ , വെളിച്ചെണ്ണ – പാകത്തിന്‌

കറിവേപ്പില – 2 തണ്ട്‌

തയ്യാറാക്കുന്ന വിധം:- വെള്ളരിക്ക,പടവലങ്ങ,ചേന,അച്ചിങ്ങ,കാരറ്റ,്‌മുരിങ്ങക്ക എന്നിവ ഉപ്പ്‌, മഞ്ഞള്‍പൊടി മുളകുപൊടി എന്നിവ ചേര്‍ത്ത്‌ വേവിക്കുക. വെന്തശേഷം മാങ്ങാചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക.തേങ്ങ, മഞ്ഞള്‍പൊടി, പച്ചമുളക്‌, ജീരകം എന്നിവ അധികം അരയാതെ അരച്ചെടുത്ത്‌ പച്ചക്കറിയില്‍ ചേര്‍ത്തിളക്കുക. അല്‍പ്പനേരം ചെറുതീയില്‍ മൂടിവെച്ച ശേഷം വാങ്ങാം. വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേര്‍ത്ത്‌ ചൂടോടെ വിളമ്പാം.

Related Topics

Share this story