താരാപൂർ നിന്നുള്ള ഒരു കുടുംബം തബലീഗി ജമാഅത്തിൽ പങ്കെടുത്തുവെന്നും കുടുംബത്തിലെ ഒരു അംഗത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചുവെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ബജ്റംഗ്ദൾ പ്രവര്ത്തകൻ അറസ്റ്റിൽ. മുൻഗെറില്‍ നിന്നുള്ള കുടുംബത്തിലെ ആരും ബിഹാറിൽ നിന്നുള്ള തബലീഗി ജമാഅത്തില്‍ പങ്കെടുത്തവരുടെ പട്ടികയിൽ ഇല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെയും ആരോഗ്യ വകുപ്പ് തള്ളി.
ഗൌതം സിംഗ് കുശ്വാഹയെന്ന ആളാണ് വ്യാജ പ്രചരണത്തിന് പിന്നില്‍. ഇയാളെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മനു മഹാരാജ് അറിയിച്ചു. താരാപൂർ നിന്നുള്ള ഒരു മുസ്ലിം കുടുംബം തബ്ലീഗി ജമാഅത്തില്‍ പങ്കെടുത്തതായും കുടുംബത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു. വ്യാജ പ്രചരണം നടത്തിയ ഗൌതം സിംഗ് കുശ്വാഹ ബജ്റംഗ് ദളിന്റെ ജില്ലാതല പ്രവർത്തകനാണ്.
അഭ്യൂഹങ്ങള്‍ പടര്‍ന്നതോടെ കുടുംബത്തിലെ ആറ് പേരെയും താരാപൂരിലെ റഫറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും കോവിഡ് ലക്ഷണങ്ങളുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. മുൻകരുതലിന്റെ ഭാഗമായി ഇവരോട് വീട്ടിൽ ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെടുക മാത്രമാണുണ്ടായത്. തബ്ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ച് പേരുടെ വിവരങ്ങള്‍ തങ്ങൾക്ക് ലഭിച്ചു. എന്നാല്‍ താരാപൂര്‍ നിന്നുള്ള ആരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
‘ഇതുവരെ പരീക്ഷിച്ചവരിൽ 32 പേരുടെ ഫലം പോസിറ്റീവ് ആണ്, അതില്‍ ആരും തന്നെ മുൻഗറിലെ താരാപൂരിൽ നിന്നുള്ളവരല്ല.” ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു
Comments are closed.