മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തും. രോഗബാധ കണ്ടെത്താനും, വ്യാപന വ്യാപ്തി മനസിലാക്കാനുമാണ് പരിശോധന. അതീവ ജാഗ്രതാ മേഖലകളിൽ പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന ഉദ്യോഗസ്ഥരെയും റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കും.
പ്രാഥമിക സ്ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാർഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതൽ 30 മിനിറ്റിനുള്ളിൽ വളരെ വേഗത്തിൽ ഫലമറിയാൻ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകൾ ഉയോഗിച്ചാൽ വളരെയധികം ആളുകളുടെ പരിശോധനകൾ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാൻ കഴിയും. അതേസമയം, ചെലവ് വളരെ കുറവാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
കേരളത്തിൽ രണ്ട് ദിവസം മുമ്പാണ് റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചത്. പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന നടത്തിയത്. രക്ത പരിശോധനയിലൂടെയാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികൾ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ് അവലംബിക്കുന്നത്.
വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ദിവസങ്ങൾക്കകം ശരീരം ആന്റിബോഡികൾ നിർമിച്ച് തുടങ്ങും. ഈ ആന്റിബോഡികൾ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തുന്നതാണ് റാപ്പിഡ് ടെസ്റ്റിലെ പരിശോധന രീതി.
Comments are closed.