കൊല്ലത്ത് യുവതിയെയും അമ്മയെയും യുവാവ് തീകൊളുത്തി. യുവതിയുടെ വീട്ടിലെത്തിയ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടില് തീ പടരുന്നത് കണ്ട് യുവതിയും വീട്ടുകാരും പുറത്തേക്കോടി. സംഭവത്തിൽ യുവാവും അമ്മയും മരിച്ചു. കടവൂർ സ്വദേശി ശെൽവമണിയും യുവതിയുടെ അമ്മ ഗെറ്റി രാജനുമാണ് മരിച്ചത്. പ്രണയനൈരാശ്യം മൂലമാണ് തീ കൊളുത്തിയതെന്നാണ് യുവാവിന്റെ മരണമൊഴി.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടവൂർ സ്വദേശിയായ ശെൽവമണി യുവതിയുടെ കാവനാട്ടുള്ള വീടിന് തീവെച്ചത്. വീട്ടിൽ തീ പടരുന്നത് കണ്ട യുവതിയും വീട്ടുകാരും പുറത്തേക്കോടി. വീടിന് മുന്നിൽ പെട്രോളുമായി നിന്ന യുവാവിനെ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ അമ്മക്ക് പൊള്ളലേറ്റത്. 95 ശതമാനം പൊള്ളലേറ്റ ശെൽവമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
വീട്ടിൽ തീ പടർന്ന സമയത്ത് യുവതിയും അമ്മയും സഹോദരിയും ഭർത്താവും ഇവരുടെ കുട്ടികളും വീട്ടിലുണ്ടായിരുന്നു. ശെൽവമണി ഇവരുടെ നേർക്ക് പെട്രോൾ ഒഴിച്ചെങ്കിലും ഓടി മാറിയതിനാൽ അപകടം സംഭവിച്ചില്ല.
കഴിഞ്ഞ ഒന്നര വർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും സമീപകാലത്തുണ്ടായ അകൽച്ചയാണ് കൊലപാതക ശ്രമത്തിന് കാരണമെന്നും മരിക്കുന്നതിന് മുമ്പ് ശെൽവമണി പൊലീസിന് മൊഴി നൽകിയിരുന്നു.
Comments are closed.