Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡിന് കാരണം 5ജി; വ്യാജ പ്രചരണത്തെ തുടർന്ന് ബ്രിട്ടനില്‍ ടവറുകള്‍ക്ക് തീയിട്ടു

കോവിഡ് വൈറസ് പടരുന്നതിന് കാരണം 5ജി ആണെന്ന വ്യാജ പ്രചാരണത്തെ തുടർന്ന ബ്രിട്ടനില്‍ ടവറുകള്‍ക്ക് തീയിട്ടു. ഒരാഴ്ച്ചക്കിടെ മൂന്ന് 5ജി ടവറുകൾ തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. സംഭവത്തില്‍ യു.കെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇത്തരം അടിയന്തര സാഹചര്യത്തില്‍ വളരെ ഉപകാരപ്പെടുന്ന സാങ്കേതികവിദ്യകള്‍ നശിപ്പിക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നത് നിരാശാജനകമാണെന്ന് ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ പ്രതികരിച്ചു. സോഷ്യല്‍മീഡിയയിലൂടെയാണ് 5ജി ക്കെതിരെ വ്യാജ പ്രചാരണം നടന്നത്.

കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ അടുത്തിടെയാണ് 5ജി വന്നതെന്നും 5ജി ഉപയോഗിക്കുന്ന നഗരങ്ങളിലാണ് ഇപ്പോള്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നതെന്നുമായിരുന്നു പ്രചരണം. വ്യാജ പ്രചാരണത്തെ തുടർന്ന് 5ജിക്കുവേണ്ടി ഫൈബര്‍ ഒപ്ടിക്ക് കേബിളുകള്‍ ഇടുന്ന തൊഴിലാളികളെ ആക്രമിക്കുന്ന സംഭവങ്ങളിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു.

യു.കെയിലെ Uckfield FMന് ഈ വ്യാജ വിവരം പ്രചരിപ്പിച്ചതിന്റെ പേരില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വയം നേഴ്‌സ് എന്ന് പരിചയപ്പെടുത്തി ഈ എഫ്എമ്മില്‍ അതിഥിയായെത്തിയ ആള്‍ പറഞ്ഞത് 5ജിയാണ് ജനങ്ങളുടെ ശ്വാസകോശങ്ങളില്‍ നിന്നും ഓക്‌സിജന്‍ വലിച്ചെടുക്കുന്നതെന്നാണ്.
ഈ മണ്ടത്തരത്തെ പലരും തമാശയായി ട്വിറ്ററിലൂടെയും മറ്റും ഷെയറ് ചെയ്യുകയും ചെയ്തിരുന്നു. അത് ഈ വ്യാജ പ്രചാരണം കൂടുതല്‍ ആളുകളിലെത്താന്‍ സഹായിച്ചു. ബർമിങ്ങാം, ലിവർപൂൾ, മെർസിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകളാണു തീയിട്ടത്.

You might also like

Comments are closed.