Nature

കോവിഡിൽ പതറി രാജ്യങ്ങൾ; മരണസംഖ്യ കൂടുന്നു

news

ലോകത്ത് കോവിഡ് മരണങ്ങള്‍ 65,000 കടന്നു. 15,362 പേർ മരിച്ചതായാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറ്റലിയെ കൂടാതെ അമേരിക്കയും ബ്രിട്ടനും സ്പെയിനുമാണ് മരണനിരക്ക് കൂടിയ രാജ്യങ്ങള്‍.

സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ബ്രിട്ടനിൽ രോഗ ബാധിതർ അര ലക്ഷത്തോളം ആയിട്ടുണ്ട്. മരണ സംഖ്യ അയ്യായിരത്തോടടുക്കുന്നു. ഓരോ ദിവസവും മരണ സംഖ്യ ഇരട്ടിയാകുന്ന സ്ഥിതിയാണുള്ളത്. എന്നാൽ, ഇറ്റലിയിൽ ഓരോ ദിവസവും മരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും ഒന്നേകാൽ ലക്ഷം രോഗബാധിതർ ഉള്ളതിനാൽ സ്ഥിതി ഒട്ടും ആശാവഹമല്ല.

രോഗബാധിതരായ ആളുകളുടെ എണ്ണത്തിൽ ഇറ്റലിയെക്കാൾ വളരെ മുന്നിലാണ് സ്പെയിൻ. ഒരു ലക്ഷത്തി ഇരുപത്തേഴായിരം പേരാണ് ഇവിടെ രോഗ ബാധിതരായിട്ടുള്ളത്. സ്പെയിനിൽ കോവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ചത് മാഡ്രിഡിൽ ആണ്. ഇവിടുത്തെ റിട്ടയർമെന്റ് ഹോമുകളിൽ പ്രതിദിനം മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ബുദ്ധിമുട്ടുകയാണ് സൈന്യം.

രണ്ടാഴ്ചത്തേക്ക് കൂടി ലോക് ഡൗൺ നീട്ടുകയാണെന്നും പ്രത്യാശ കൈവിടരുതെന്നും പ്രസിഡന്റ് പെഡ്രോ സഞ്ചെസ് പറഞ്ഞു. ആശുപത്രിക്ക് പുറത്തേക്ക് മാസ്ക് പോലും നൽകാൻ കഴിയാത്തത്ര പരിമിതമാണ് സുരക്ഷ സംവിധാനങ്ങളുടെ അവസ്ഥ.

അതേസമയം, ഓസ്ട്രിയ, ചേക് റിപ്പബ്ലിക്, ഇസ്രയേൽ, ടർക്കി തുടങ്ങിയ രാജ്യങ്ങൾ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. തെക്ക് കിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് ഇന്തോനേഷ്യയിൽ ആണ്. 9.1 ശതമാനം ആണ് ഇവിടുത്തെ മരണ നിരക്ക്. നൈജീരിയ, ലിബിയ, ഖാന തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വൈറസ് ബാധ പടർന്നിട്ടുണ്ട്.

ലോകത്ത് കോവിഡ്‌ ബാധിതരുടെ എണ്ണം 12,13,194 ആയി . 65,600 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ 15,362 ആണ് മരണസംഖ്യ.1,24,632 പേർക്കാണ് ആകെ രോഗം ബാധിച്ചത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 3,11,637 ആയി.. മരണ സംഖ്യ 8,454. സ്പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 12,418 ആയി. ജർമനിയിൽ രോഗബാധിതർ 96,108 ആയി.1,444 പേരാണ് ഇതുവരെ മരിച്ചത്. ഫ്രാൻസിൽ മരണ സംഖ്യ 7560 ആയിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.