Times Kerala

ദുഃഖവെള്ളിയുടെ ചരിത്രം..!

 
ദുഃഖവെള്ളിയുടെ ചരിത്രം..!

ദൈവപുത്രന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും അനുസ്മരണമാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് ദുഃഖവെള്ളി. ക്രിസ്തുമതത്തിന്റെ ആരംഭകാലത്ത്, ക്രിസ്തുവിന്റെ മരണത്തെക്കാളേറെ ഉയിർത്തെഴുന്നേല്പാണ് ഭക്തിപുരസ്സരം അനുസ്മരിക്കപ്പെട്ടിരുന്നത്. എന്നാൽ എ.ഡി. രണ്ടാം ശതകത്തിൽ, യേശുക്രിസ്തു കല്ലറയ്ക്കുള്ളിൽ കഴിഞ്ഞ നാല്പതു മണിക്കൂറുകളുടെ ഓർമയ്ക്കായി ക്രൈസ്തവർ ഉപവാസം അനുഷ്ഠിച്ചിരുന്നു. എ.ഡി. 3-ആം ശതകത്തിൽ ഈസ്റ്റർ ആഘോഷം വെള്ളിയാഴ്ച ആരംഭിക്കുന്ന പതിവ് നിലവിൽവന്നു. 6-ആം ശതകം വരെ റോമിൽ വളരെ ലളിതമായ ചടങ്ങുകളോടെയാണ് ദുഃഖവെള്ളിയാഴ്ച ആചരിച്ചിരുന്നത്. ബൈബിൾ വായനയും പ്രാർഥനയും മാത്രമാണ് ഈ ചടങ്ങുകളിൽ നടന്നിരുന്നത്. ആദിമക്രൈസ്തവരുടെ കാലം മുതൽ തന്നെ ദുഃഖവെള്ളി ആചരിച്ചു പോന്നിരുന്നു എന്നതിനു തെളിവുകളുണ്ട്.

എ.ഡി. നാലാം ശതകത്തിൽ ജെറുസലേമിലെ ക്രൈസ്തവർ ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കാൽവരിയിലെത്തുകയും പീഡാനുഭവ വിവരണം ശ്രവിക്കുകയും ചെയ്തിരുന്നു. യേശുദേവൻ മരണം വരിച്ചതെന്നു കരുതപ്പെടുന്ന കുരിശിന്റെ അവശിഷ്ടത്തിൽ വിശ്വാസികൾ ചുംബിക്കുകയും മൌനപ്രാർഥന നടത്തുകയും പതിവാക്കി. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ മൂന്ന് മണിവരെ ഇവർ വീണ്ടും കാൽവരിയിൽ സമ്മേളിക്കുകയും പ്രവാചകന്മാരുടെ പുസ്തകങ്ങളിൽനിന്ന് കുരിശുമരണത്തെ സംബന്ധിക്കുന്ന ഭാഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട സങ്കീർത്തനങ്ങളും വായിച്ചുകേൾക്കുകയും ചെയ്തുവന്നു.

ഏഴാം ശതകത്തോടുകൂടി ജെറുസലേമിലെ ആചാരങ്ങൾ റോമിലും നടപ്പാക്കപ്പെട്ടു. നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം പാടുന്ന വേളയിൽ വിശുദ്ധ കുരിശിന്റെ അവശിഷ്ടം ഘോഷയാത്രയായി ബസ്ലിക്കയിലേക്ക് കൊണ്ടുപോകുന്ന പതിവ് നിലനിന്നിരുന്നു. ഇപ്രകാരം വിശുദ്ധ കുരിശിനെ ആരാധിക്കുന്ന പതിവ് മറ്റു ദേശങ്ങളിലേക്കും പ്രചരിച്ചു. ‘കുരിശു കുമ്പിടീൽ’ എന്നറിയപ്പെടുന്ന ഈ ആചാരത്തിന് ലത്തീൻ ആരാധനാക്രമത്തിൽ ഇന്നും വളരെ പ്രാധാന്യമുണ്ട്. ചില കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ കുരിശിന്റെ അവശിഷ്ടം സൂക്ഷിച്ചിട്ടില്ലാത്തതിനാൽ സാധാരണ മരക്കുരിശാണ് കുമ്പിടീലിനായി ഉപയോഗിച്ചിരുന്നത്. ക്രൂശിതനായ യേശുവിന് കുടിക്കുവാൻ പുളിച്ച വീഞ്ഞ് നല്കിയതിന്റെ ഓർമയ്ക്കായി വിശ്വാസികൾ കയ്പുവെള്ളം കുടിക്കുന്ന പതിവുമുണ്ടായിരുന്നു. ക്രമേണ ദുഃഖവെള്ളിയാഴ്ച ചടങ്ങുകളുടെ വൈവിധ്യം വർധിച്ചു.

പുരാതനകാലത്ത് ദേവാലയങ്ങളിൽ ദുഃഖവൈള്ളിയാഴ്ച ദിവസം ശുശ്രൂഷ നടത്തുന്ന പതിവില്ലായിരുന്നു. എ.ഡി. എട്ടാം ശ.-ത്തോടുകൂടി അന്നേദിവസം കുർബാന സ്വീകരിക്കുവാൻ തത്പരരായ വ്യക്തികൾക്ക് അതിനുള്ള അനുവാദം ലഭിച്ചിരുന്നു. പില്ക്കാലത്ത്, തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുർബാന കൊള്ളുവാൻ അനുവദിക്കുന്ന രീതി ആരംഭിച്ചു. മധ്യകാലഘട്ടത്തിൽ, പുരോഹിതൻ കുർബാന സ്വീകരിക്കുകയും, ദിവ്യബലി പെസഹാ വ്യാഴാഴ്ച വൈകുന്നേരം അർപ്പിക്കുകയും ചെയ്യുന്ന പതിവ് നിലവിൽവന്നു. ക്രമേണ, ബൈബിൾ പാരായണം, പ്രാർഥന, കുരിശു കുമ്പിടീൽ, പ്രത്യേക ശുശ്രൂഷ തുടങ്ങിയവയെല്ലാം ദുഃഖവെള്ളിയാഴ്ച രാവിലെ നടത്തിത്തുടങ്ങി.

Related Topics

Share this story