Times Kerala

ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്‍റെ തലയോട്ടിയുടെ ഒരു ഭാഗം കാണാനില്ല

 

ബംഗളൂരു: ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്റെ തലയോട്ടിയുടെ ഭാഗം കാണാതായതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്.
കടുത്ത തലവേദനയെത്തുടര്‍ന്നാണ് ചിക്കമംഗളൂരു സ്വദേശി മഞ്ജുനാഥ് വെറ്റ് ഫീല്‍ഡിലെ വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്ഡ് റിസര്‍ച്ച് സെന്ററിലെത്തിയത്.

പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അടിയന്തര ശസ്ത്രകിയയും നിര്‍ദേശിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഇപ്പോള്‍ തല ചെറുതായി ചൊറിയുന്നതുപോലും തലച്ചോറിന് ക്ഷതമുണ്ടാക്കുമെന്ന് മഞ്ജുനാഥ് പറഞ്ഞു.

പരിശോധിച്ചപ്പോഴാണ് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടമായതറിഞ്ഞത്. വലതുഭാഗമാണ് നഷ്ടമായതെന്നും ഇയാള്‍ പറയുന്നു. പിന്നീട് ആശുപത്രിയില്‍ തിരിച്ചെത്തി ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തലയോട്ടിയുടെ ആ ഭാഗം ചവറ്റുകുട്ടയില്‍ തള്ളിയെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മഞ്ജുനാഥിന്റെ അമ്മ രുഗ്മിണിയമ്മ ആരോപിച്ചു.

ന്യൂറോ സര്‍ജന്‍മാരായ ഡോ. ബി ഗുരുപ്രസാദ്, ഡോ. രാജേഷ് ആര്‍ റായ്കര്‍ എന്നിവര്‍ക്കെതിരെ മഞ്ജു നാഥ് കേസ് കൊടുത്തു. ഐ.പി.സി സെക്ഷന്‍ 338 പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ആരോപണം ഡോ. ഗുരുപ്രസാദ് നിഷേധിച്ചു. ശസ്ത്രക്രിയയെക്കുറിച്ച് മഞ്ജുനാഥിന് അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് ഡോക്ടര്‍ പ്രതികരിച്ചു.

Related Topics

Share this story