Times Kerala

ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ നല്‍കി ഡെപ്യൂട്ടി കളക്ടറുടെ പടിയിറക്കം

 
ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ നല്‍കി ഡെപ്യൂട്ടി കളക്ടറുടെ പടിയിറക്കം

ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രേണുവിൻ്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമായിരുന്നു ഇന്നലെ. കോ വിഡ് ഭീതിയിൽ പകച്ചു നിൽക്കുന്ന സംസ്ഥാനത്തിന് ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മാതൃക കാട്ടിയാണ് അവർ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനും പൂർണ്ണ പിന്തുണ നൽകുമെന്ന് അവർ പറയുമ്പോൾ, ദുരന്തത്തെ അതിജീവിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന സന്ദേശമാണ് അവർ നൽകുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ജില്ലാതല അവലോകന യോഗത്തിനെത്തിയ മന്ത്രി വി.എസ്. സുനിൽ കുമാറിന് ചെക്ക് കൈമാറി.

31 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ ജനോപകാരപ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യവും അവർ പങ്കു വെക്കുന്നു.

1988 ൽ ഇടുക്കിയിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച രേണു

1995 മുതൽ 16 വർഷം തുടർച്ചയായി എറണാകുളം കളക്ട്രേറ്റിൽ തന്നെയാണ് സേവനമനുഷ്ഠിച്ചത്. ആറു വർഷത്തോളം ഡെപ്യൂട്ടി തഹസിൽദാർ, ഡെപ്യൂട്ടി കളക്ടർ തസ്തികകളിൽ മറ്റു ജില്ലകളിലും ജോലി ചെയ്തു. 2018, 19 വർഷങ്ങളിലുണ്ടായ പ്രളയത്തിൻ്റെ സമയത്ത് പാലക്കാട് ആർ ഡി ഒ ആയിരുന്നു. ആ സമയത്ത് രണ്ടു മാസത്തോളം വീട്ടിൽ വരാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് രേണു പറയുന്നു.

എന്നാൽ ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടം കൊച്ചി മെട്രോയിലെ സ്ഥലമേറ്റെടുക്കൽ വിഭാഗം തഹസിൽദാരായിരുന്നപ്പോഴാണെന്ന് രേണു ഓർമ്മിക്കുന്നു. 2014 ലാണ് ഈ ചുമതലയേറ്റെടുക്കേണ്ടി വന്നത്. മൂന്ന് വർഷമാണ് തഹസിൽദാരായി ജോലിയിലുണ്ടായിരുന്നത്. അന്ന് 60 ഓളം കേസുകളിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടി വന്നു. അന്നത്തെ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം വലിയ പിന്തുണയാണ് നൽകിയത്.

Related Topics

Share this story