Times Kerala

ജാതിയോ മതമോ അല്ല ഇപ്പോൾ വിഷയം, കൊറോണക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പാക്കിസ്ഥാൻ മുൻ താരം ഷോയ്ബ് അക്തർ

 
ജാതിയോ മതമോ അല്ല ഇപ്പോൾ വിഷയം, കൊറോണക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പാക്കിസ്ഥാൻ മുൻ താരം ഷോയ്ബ് അക്തർ

ഇസ്‍‌ലാമാബാദ്: ജാതിയോ മതമോ അല്ല ഇപ്പോൾ വിഷയം, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ ഒന്നിച്ചു നിൽക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും പാക്കിസ്ഥാൻ മുൻ താരം ഷോയ്ബ് അക്തർ . ലോകവ്യാപകമായി കൊറോണ വൈറസ് ഭീതി ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് ഒത്തൊരുമിച്ചുള്ള പ്രതിരോധത്തിന് അക്തറിന്റെ ആഹ്വാനം. മതപരമായ വ്യത്യാസങ്ങളൊക്കെ മാറ്റിവച്ച് ലോകം ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ വൈറസിനെ ചെറുക്കാനാകൂ എന്നും അക്തർ ഓർമിപ്പിച്ചു. കൂട്ടംചേരുന്നത് ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് അക്തർ അഭ്യർഥിച്ചു.

‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരോടായി ഒരു അപേക്ഷ. കൊറോണ വൈറസ് വ്യാപനം ഒരു ആഗോള പ്രതിസന്ധിയാണ്. അതിനെ നേരിടാൻ നാമെല്ലാം മതത്തിനൊക്കെ ഉപരിയായി ഉയർന്ന് ഒരു ആഗോള ശക്തിയായേ പറ്റൂ. വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെ നിലവിലുണ്ട്. പക്ഷേ നമ്മിൽ ചിലർ കൂട്ടം കൂടുകയോ സമ്പർക്ക വിലക്കു ലംഘിക്കുകയോ ചെയ്താൽ ഇതുകൊണ്ടൊന്നും ഫലമില്ലാതെ വരും, മാത്രമല്ല ഈ പ്രതിസന്ധി ഘട്ടത്തിൽ സാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്ന പതിവ് പാടില്ലെന്നും അക്തർ അഭ്യർഥിച്ചു. ‘ഇങ്ങനെ ചെയ്യുന്നവർ ദിവസ വേതനക്കാരെ ഓർക്കണം. കടകളെല്ലാം കാലിയായിക്കൊണ്ടിരിക്കുകയാണ്. സാധനങ്ങളെല്ലാം പൂഴ്ത്തിവച്ചാലും മൂന്നു മാസത്തിനപ്പുറവും നാം ജീവനോടെയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്? ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരെങ്ങനെ കുടുംബം പുലർത്തും? ഇത് മനുഷ്യത്വം കാട്ടേണ്ട സമയമാണ്. ഹിന്ദുവോ മുസ്‌ലിമോ അല്ല, മനുഷ്യനായിരിക്കുക. പരസ്പരം സഹായിക്കാൻ സന്നദ്ധരാകുക, പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുക’ – അക്തർ പറഞ്ഞു.

Related Topics

Share this story