Nature

സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക്‌ സര്‍ക്കാര്‍ പരിഹാരം കാണാത്ത പക്ഷം കാരുണ്യ, സ്‌നേഹസ്‌പര്‍ശം, ആരോഗ്യ ഇന്‍ഷൂറന്‍സ്‌ തുടങ്ങിയ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ മാര്‍ച്ച്‌ 31-ന്‌ ശേഷം നിര്‍ത്തലാക്കാന്‍ കെപിഎച്ച്‌എ തീരുമാനം

കൊച്ചി: ലോകത്തിലെ തന്നെ മികച്ച ആരോഗ്യ സേവന സംവിധാനങ്ങളില്‍ ഒന്നായ കേരള മോഡല്‍ വാര്‍ത്തെടുക്കുന്നതില്‍ ഗണ്യമായ പങ്ക്‌ വഹിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ ഇന്ന്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തകര്‍ച്ചയുടെയും വക്കിലാണ്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ സംസ്ഥാനത്തെ 80-ഓളം ആശുപത്രികള്‍ അടച്ചുപൂട്ടിയിട്ടുണ്ട്‌. നിരവധി ആശുപത്രികള്‍ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്‌.

കേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത്‌ 70% -വും സേവനം നടത്തുന്നത്‌ സ്വകാര്യ ആശുപത്രികളാണ്‌. സര്‍ക്കാര്‍ മേഖലയിലുള്ള അപര്യാപ്‌തത കാരണം കാരുണ്യ, ആര്‍എസ്‌ബിവൈ, ഇസിഎച്ച്‌എസ്‌ പോലുള്ള പല ആരോഗ്യ ക്ഷേമ സുരക്ഷാ പദ്ധതികളും യാതൊരു ലാഭേച്ഛയും കൂടാതെ ഏറ്റെടുത്ത്‌ നടത്തുന്നത്‌ സ്വകാര്യ ആശുപത്രികളാണ്‌. വളരെ ചുരുങ്ങിയ പാക്കേജ്‌ നിരക്കുകളും ചികിത്സാ തുക അനുവദിച്ച്‌ നല്‍കുന്നതിലുള്ള കാലതാമസവും കാരണം സ്വകാര്യ ആശുപത്രികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ ഈ സേവനങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ നല്‍കി വരികയായിരുന്നു. എന്നാല്‍ അശാസ്‌ത്രീയമായ ശമ്പള വര്‍ധനവും ജിഎസ്‌ടിയും സര്‍ക്കാര്‍ ഫീസുകളിലുള്ള വര്‍ധനവും കാരണം ആശുപത്രികള്‍ തുടര്‍ന്ന്‌ നടത്തി കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്‌ എത്തിനില്‍ക്കുന്നത്‌.

ഈ വസ്‌തുതകളെല്ലാം തന്നെ യഥാസമയം പല തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാം പാടെ അവഗണിച്ചുകൊണ്ടുള്ള അനങ്ങാപ്പാറ നയമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. മാത്രമല്ല ഇത്തരത്തില്‍ വലിയ സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ നടത്തുന്ന സ്വകാര്യ ആരോഗ്യ മേഖലയ്‌ക്ക്‌ യാതൊരു തരത്തിലുള്ള സഹായമോ പരിഗണനയോ സര്‍ക്കാര്‍ നല്‍കുന്നില്ല.

ഈ സാഹചര്യത്തില്‍ ഇഎസ്‌ഐ, ഇസിഎച്ച്‌എസ്‌, സ്‌നേഹസ്‌പര്‍ശം, കാരുണ്യ, ആരോഗ്യ ഇന്‍ഷൂറന്‍സ്‌ തുടങ്ങിയ പദ്ധതികള്‍ തുടര്‍ന്ന്‌ ഏറ്റെടുത്ത്‌ നടത്തികൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ ഇന്ന്‌ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍. ഇതിന്‌ പുറമേയാണ്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനായി സര്‍ക്കാര്‍ പുതിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്‌ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്‌. അതുകൊണ്ട്‌ മേല്‍പറഞ്ഞ കാര്യങ്ങളില്‍ അടിയന്തരമായി ചര്‍ച്ച ചെയ്‌ത്‌ പരിഹാരം കാണാത്ത പക്ഷം 2018 മാര്‍ച്ച്‌ 31-ന്‌ ശേഷം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളും മേല്‍ പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ സ്വീകരിക്കാനും കെപിഎച്ച്‌എ തീരുമാനിച്ചിട്ടുണ്ട്‌.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.