Times Kerala

പത്മാവത് കണ്ടാല്‍ സ്ത്രീകള്‍ പ്രസവിക്കാന്‍ മാത്രമുള്ളതാണെന്ന് തോന്നും; സിനിമ കണ്ടശേഷം താനൊരു യോനിയായി ചുരുങ്ങിയെന്ന് നടി സ്വരാഭാസ്‌കര്‍; പ്രതിഷേധവുമായി ബോളിവുഡ് താരങ്ങള്‍

 

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദം ചിത്രം പത്മാവതിനെതിരെ നടി സ്വരാഭാസ്‌കര്‍ നടത്തിയ വിമര്‍ശനത്തിനെതിരെ ബോളിവുഡ് താരങ്ങള്‍. ബന്‍സാലിയുടെ മാസ്റ്റര്‍പീസ് ചിത്രം കണ്ടതിന് ശേഷം താനൊരു യോനിയായി ചുരുങ്ങിയെന്ന് ദി വയറില്‍ എഴുതിയ ലേഖനത്തില്‍ സ്വര പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്റെ മികവിനെ സ്വര ലേഖനത്തില്‍ പുകഴ്ത്തുന്നുണ്ടെങ്കിലും പിന്നീട് സ്ത്രീയെ പുരുഷാധിപത്യ സമൂഹം പരിഗണിക്കുന്ന അതേ രീതിയാണ് ചിത്രത്തിലുള്ളതെന്ന് സ്വര പറഞ്ഞിരുന്നു.

സ്വര പറഞ്ഞത് ഇങ്ങനെ നിരവധി വിവാദങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകള്‍ക്കും ശേഷം വളരെ കഷ്ടപ്പെട്ടാണ് പദ്മാവത് തീയേറ്ററിലെത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് കൊണ്ട് സ്ത്രീ സമൂഹം നേടിയെടുത്ത കാര്യങ്ങളെ ഇല്ലാതാക്കുന്നതാണ് പദ്മാവത് എന്നായിരുന്നു സ്വരയുടെ പരാമര്‍ശം. നമ്മള്‍ വീണ്ടും ആ ഇരുണ്ട കാലത്തിലേക്ക് പോവുകയാണ്. ബന്‍സാലിയുടെ പദ്മാവത് ഓര്‍മപ്പെടുത്തുന്നതും അതാണ്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ബന്‍സാലി മറന്നു പോയെന്നും സ്വര പറഞ്ഞു.

ബന്‍സാലിയുടെ ചിത്രം കണ്ടാല്‍ സ്ത്രീകള്‍ പ്രസവിക്കാന്‍ മാത്രമുള്ളവരാണെന്ന് തോന്നുന്നു. അതുകൊണ്ട് പറയുകയാണ് സ്ത്രീകള്‍ ചലിക്കുന്ന യോനികളല്ല. അവര്‍ക്ക് യോനിയുണ്ട്. എന്നാല്‍ അതിലും ഏത്രയോ അധികം നല്ല കാര്യങ്ങള്‍ സ്ത്രീകള്‍ക്കുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. പദ്മാവതില്‍ ദീപിക പദുക്കോണ്‍ ജൗഹര്‍(ആത്മാഹുതി) ചെയ്യുന്നത് പോലും ഭര്‍ത്താവിനോട് ചോദിച്ചാണെന്നും സ്വര വിമര്‍ശിച്ചു.

ബോളിവുഡ് ഒന്നടങ്കം പരാമര്‍ശത്തെ എതിര്‍ത്തിട്ടുണ്ട്. ഗായിക സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് സ്വരയെ കടുത്ത രീതിയില്‍ വിമര്‍ശിച്ചത്. മുന്‍പ് ചെയ്ത സിനിമകള്‍ ഒന്നുകൂടി പരിശോധിക്കണമെന്ന് സുചിത്ര പറഞ്ഞു. സിനിമയില്‍ മാദക നൃത്തം ചെയ്യുകയും അഭിസാരികയായി അഭിനയിക്കുകയും ചെയ്ത സ്വരയുടെ പരാമര്‍ശം തമാശയായി തോന്നിയെന്ന് സുചിത്ര വ്യക്തമാക്കി. എന്ത് നിലവാരമാണ് സ്വരയുടേതെന്നും സുചിത്ര ചോദിക്കുന്നു.

Related Topics

Share this story