Times Kerala

അനങ്ങിയാല്‍ ആക്രമിക്കും; മരണത്തെ മുഖാമുഖം കണ്ട് രണ്ടുപേര്‍

 

മഹാരാഷ്ട്ര : ആ യുവാക്കളുടേത് അക്ഷരാര്‍ത്ഥത്തില്‍ അദ്ഭുതകരമായ രക്ഷപ്പെടലാണ്. ബൈക്കിന് മുന്നിലും പിന്നിലും കടുവ. ഒന്നനങ്ങിയാല്‍ എന്തും സംഭവിക്കാം. കടുവകള്‍ ചാടിവീഴാം. ബൈക്കിനെ പിന്‍തുടരാം. പിച്ചിച്ചീന്തി കൊല്ലാം.മരണത്തെ മുഖാമുഖം കണ്ട് അവര്‍ ബൈക്കില്‍ അനങ്ങാതെ നെഞ്ചിടിപ്പോടെയിരുന്നു. ഭാഗ്യവശാല്‍ കടുവകള്‍ അവരെ ആക്രമിച്ചില്ല. അവ ബൈക്കിനെ വലം വെയ്ക്കുകയും അരികത്ത് വിശ്രമിക്കുകയും ചെയ്തതല്ലാതെ യാതൊരു ഉപദ്രവത്തിനും മുതിര്‍ന്നില്ല.

രക്തദാഹമില്ലാതെ ശാന്തരായിരുന്ന അവയെ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്വാസത്തിന്റെ ശബ്ദം പോലും പുറത്തുവരുത്താതെ അവര്‍ ഇരുന്നു. അതോടെ യുവാക്കള്‍ അതോടെ രക്ഷപ്പെടുകയും ചെയ്തു. അല്‍പ്പം മുന്നിലായി ഒരു കാറില്‍ ഉണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. അനങ്ങാതെ ബൈക്കില്‍ തുടരണമെന്ന് കാറിലുള്ളവര്‍ ആംഗ്യങ്ങളിലൂടെയും മറ്റും യുവാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.

കാറിലുള്ളവരെ സംബന്ധിച്ചും അപകടകരമായ നിമിഷമായിരുന്നു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് കുതിക്കാന്‍ ശ്രമിച്ചാല്‍ യുവാക്കളെ കടുവകള്‍ ആക്രമിച്ചേക്കാം അല്ലെങ്കില്‍ പിന്‍തുടരുകയും ചെയ്‌തേക്കാം.

കടുവകളുടെ നീക്കം വീക്ഷിച്ച ശേഷം അവ പിന്‍വാങ്ങുകയാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍അവര്‍ കാറുമായി മുന്നോട്ടു നീങ്ങി യുവാക്കളെ ആപത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. 2014 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 2226 കടുവകളുണ്ട്. ഇവയുടെ എണ്ണം 2019 ആവുമ്പോഴേക്കും 3000 ലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.

Related Topics

Share this story