Times Kerala

8-ാം ഫുഡ്‌ടെക്‌ കേരള ത്രിദിന പ്രദര്‍ശനത്തിന്‌ തുടക്കമായി

 

കൊച്ചി: കേരളത്തിലെ പ്രമുഖ ഭക്ഷ്യസംസ്‌കരണ പാക്കേജിംഗ്‌ പ്രദര്‍ശനമായ ഫുഡ്‌ടെക്‌ കേരളയുടെ എട്ടാം പതിപ്പിന്‌ കൊച്ചി കടവന്ത്രയിലെ രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി), കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രമോഷന്‍ (കെ-ബിഐപി), നാളീകേര വികസന ബോര്‍ഡ്‌, സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഐഎഫ്‌ടി) എന്നിവയുടെ സഹകരണത്തോടെ ക്രൂസ്‌ എക്‌സ്‌പോസ്‌ സംഘടിപ്പിക്കുന്ന മൂന്ന്‌ ദിവസത്തെ പ്രദര്‍ശനം നാഷണല്‍ സെന്റര്‍ ഫോര്‍ എച്ച്‌എസിസിപി സര്‍ട്ടിഫിക്കേഷനിലെ എച്ച്‌എസിസിപി കണ്‍സള്‍ട്ടന്റ്‌ ഡോ. എന്‍. ആനന്ദവല്ലി ഉദ്‌ഘാടനം ചെയ്‌തു.

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ രാസപദാര്‍ഥങ്ങളുടെ അമിതോപയോഗം ഏറെ ആശങ്കാജനകമാണെന്നും ഭക്ഷ്യവിഷ ബാധ സംഭവങ്ങള്‍ വര്‍ധിക്കാന്‍ അത്‌ കാരണമായിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ അവര്‍ പറഞ്ഞു. ഭക്ഷ്യ വസ്‌തുക്കളുടെ കവറിന്‌ പുറത്ത്‌ അതില്‍ ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ഥങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്താതെ പല കമ്പനികളും നിയമ ലംഘനം തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കയറ്റുമതി മേഖലയില്‍ എക്‌സ്‌പോര്‍ട്ട്‌ ഇന്‍സ്‌പെക്ഷന്‍ കൗണ്‍സിലിന്റെ പങ്ക്‌, ഭക്ഷ്യ വസ്‌തുക്കളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍, ചെറുകിട, ഇടത്തര സംരംഭ മേഖലയിലേക്കുള്ള സാമ്പത്തിക ഉല്‍പന്നങ്ങള്‍, പാക്കേജിങ്ങിലെ പുതിയ പ്രവണതകള്‍ എന്നീ വിഷയങ്ങളിലും സെമിനാര്‍ നടന്നു. എക്‌സ്‌പോര്‍ട്ട്‌ ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജയപാലന്‍, കെയര്‍ കേരളം ലാബ്‌ മാനേജര്‍ ഡോ. ടെന്‍സണ്‍ ആന്റണി, സിഡ്‌ബി കൊച്ചിയിലെ ജോസഫ്‌ തരുണ്‍, എ ടു ഇസെഡ്‌ പാക്കേജിങ്ങ്‌സിലെ അബ്ദുള്‍ റഷീദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

8-ാമത്‌ ഫുഡ്‌ടെക്‌ കേരള പ്രദര്‍ശനം എച്ച്‌എസിസിപി കണ്‍സള്‍ട്ടന്റ്‌ ഡോ. എന്‍. ആനന്ദവല്ലി ഉദ്‌ഘാടനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) ക്രൂസ്‌ എക്‌സ്‌പോസ്‌ ഡയറക്ടര്‍ ജോസഫ്‌ കുര്യാക്കോസ്‌, പാക്കോന എഞ്ചിനീയേഴ്‌സിലെ സ്വാമിനാഥന്‍, ക്രൂസ്‌ എക്‌സ്‌പോസ്‌ പ്രോജക്ട്‌ മാനേജര്‍ വിനോദ്‌ ഗോപിനാഥ്‌, കെയര്‍ കേരളം ലാബ്‌ മാനേജര്‍ ടെന്‍സണ്‍ ആന്റണി, എക്‌സ്‌പോര്‍ട്ട്‌ ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജയപാലന്‍ എന്നിവര്‍ സമീപം.

പ്രദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന്‌ ഇക്വിനോക്‌സ്‌ കണ്‍സള്‍ട്ടിങ്‌, എഫ്‌എസ്‌എസ്‌എഐ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫുഡ്‌ സേഫ്‌റ്റി സൂപ്പര്‍വൈസര്‍ ട്രെയിനിങ്‌ പ്രോഗ്രാം സംഘടിപ്പിക്കും. ഭക്ഷ്യ വ്യവസായ മേഖലയിലുള്ളവര്‍ക്ക്‌ സുരക്ഷ, ശുചിത്വം എന്നിവയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഫുഡ്‌ സേഫ്‌റ്റി ട്രെയിനിങ്‌ ആന്‍ഡ്‌ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും ഇതോടൊപ്പം നടക്കും.

ഭക്ഷ്യസംസ്‌കരണ രംഗത്തെ വിവിധ സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യസംസ്‌കരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍, പാനീയങ്ങള്‍, ഫുഡ്‌ റീട്ടെയ്‌ലിങ്‌, റഫ്രിജറേഷന്‍ ആന്‍ഡ്‌ കോള്‍ഡ്‌ ചെയിന്‍, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കള്‍, ആരോഗ്യകരവും ശുചിത്വവുമുള്ള ഭക്ഷ്യവസ്‌തുക്കള്‍, പാക്കേജിംഗ്‌ തുടങ്ങി വിവിധങ്ങളായ രംഗങ്ങളിലെ പുതിയ ഉല്‍പന്നങ്ങളാണ്‌ പ്രദര്‍ശനത്തിലുള്ളത്‌. പ്രദര്‍ശനം നാളെ (ജനു. 27) സമാപിക്കും.

Related Topics

Share this story