Times Kerala

കൊറോണയെ നേരിടാൻ ‘ഗോമൂത്ര പാർട്ടി’ യുമായി ഹിന്ദു മഹാസഭ

 
കൊറോണയെ നേരിടാൻ ‘ഗോമൂത്ര പാർട്ടി’ യുമായി ഹിന്ദു മഹാസഭ

ഡൽഹി: കൊറോണ വൈറസ് (കൊവിഡ് 19) നെ തടയാൻ ഗോമൂത്ര പാർട്ടിയുമായി അഖില ഭാരത ഹിന്ദു മഹാസഭ. ഡൽഹിയിൽ നടന്ന ഗോമൂത്ര പാർട്ടിയിൽ ആളുകൾ വരി നിന്നാണ് ഗോമൂത്രം വാങ്ങിക്കുടിച്ചത്. ഗോമൂത്രം, ചാണകം, നെയ്യ്, പാൽ, തൈര് എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യമെന്ന പാനീയം ചടങ്ങിൽ വച്ച് വിതരണം ചെയ്തു. യാഗ്ന എന്ന ചടങ്ങോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. പശുവിനോടും വൈറസിനോടുമായിരുന്നു പ്രാർത്ഥന. വൈറസിനോട് സമാധാനപരമായി ഒഴിഞ്ഞ് പോകാനും കൂടുതൽ ആളുകളെ കൊല്ലാതിരിക്കാനും പ്രാർത്ഥിച്ചു. വൈറസിനെ പ്രതിനിധീകരിച്ച് ഹിന്ദുക്കളുടെ ദൈവമായ നരസിംഹത്തിന്റെ വലിയ പോസ്റ്ററും പരിപാടിയിൽ വച്ചിരുന്നു.

മത്സ്യ മാംസാദികൾ കഴിക്കുന്ന ആളുകളെ ശിക്ഷിക്കാനെത്തിയ അവതാരമായാണ് കൊവിഡ്-19നെ ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് വിശേഷിപ്പിച്ചത്. മാംസഭോജികൾക്കായി മാപ്പ് അപേക്ഷിച്ച ചക്രപാണി ഇന്ത്യക്കാർ ഇനി മുതൽ മാംസം കഴിക്കില്ലെന്നും അപേക്ഷിച്ചു. ‘കൊറോണ വന്നത് ആളുകൾ മൃഗങ്ങളെ കൊന്നുതിന്നുന്നത് കാരണമാണ്. അത് ആ സ്ഥലത്തെ തന്നെ തകർക്കുന്ന വിധമുള്ള ഊർജത്തെ സൃഷ്ടിക്കും.’ ചക്രപാണി പറഞ്ഞു. ഏകദേശം ഇരുന്നൂറോളം പേരാണ് ഇന്ന് നടന്ന ഗോമൂത്ര പാർട്ടിയിൽ പങ്കെടുത്തത്.

Related Topics

Share this story