Times Kerala

ഉപഭോക്തൃ വിശ്വാസ്യതാ സര്‍വേയില്‍ ശോഭയ്‌ക്ക്‌ ഒന്നാം സ്ഥാനം

 

കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയായ ശോഭ ലിമിറ്റഡ്‌ ട്രാക്‌ ടു റിയാല്‍റ്റിയുടെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ്‌ റിപ്പോര്‍ട്ട്‌ 20:20-ല്‍ ഒന്നാം സ്ഥാനത്തെത്തി. ഉപഭോക്താക്കളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന രാജ്യത്തെ ഏക സമഗ്ര പഠനമാണ്‌ ട്രാക്‌ ടു റിയാല്‍റ്റിയുടെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ്‌ റിപ്പോര്‍ട്ട്‌ 20:20. ഇത്‌ തുടര്‍ച്ചയായ നാലാം തവണയാണ്‌ ഉപഭോക്തൃ വിശ്വാസ്യതാ സര്‍വേയില്‍ ശോഭ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്‌. രാജ്യത്ത്‌ ഒരു റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനിയും ഇതുവരെ നേടിയിട്ടില്ലാത്ത ബഹുമതിയാണ്‌ ഇത്‌. രാജ്യത്തെ 20 നഗരങ്ങളിലായി 10,000 ഉപഭോക്താക്കളെ നേരില്‍ കണ്ടാണ്‌ സര്‍വേ നടത്തിയത്‌.

ബഹുമതിക്ക്‌ ആവശ്യമായ 10 മാനദണ്ഡങ്ങളിലും രാജ്യമൊട്ടാകെയുള്ള വീട്‌ വാങ്ങുന്നവര്‍ ഇഷ്ട ബ്രാന്‍ഡായി തെരഞ്ഞെടുത്തത്‌ ശോഭയെയാണ്‌. സമയബന്ധിതമായ കൈമാറ്റം, നിര്‍മാണത്തിലെ ഗുണനിലവാരം, വാഗ്‌ദാന പാലനം, നിക്ഷേപത്തിനുള്ള മൂല്യം, വിശ്വാസ്യത, സുതാര്യത, റിലേഷന്‍ഷിപ്പ്‌ മാനേജ്‌മെന്റ്‌, ബ്രാന്‍ഡ്‌ മതിപ്പ്‌, സുരക്ഷിതമായ നിക്ഷേപം, സൗകര്യങ്ങള്‍, വാസയോഗ്യത തുടങ്ങിയ മാനദണ്ഡങ്ങളിലാണ്‌ സര്‍വേ നടന്നത്‌. ഇത്‌ കൂടാതെ ദക്ഷിണേന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ്‌ ഡെവലപ്പര്‍മാര്‍ക്കിടയിലെ ഏറ്റവും മികച്ച ബില്‍ഡറെന്ന ബഹുമതിയും നാലാം തവണയും ശോഭ കരസ്ഥമാക്കി. ദേശീയതലത്തില്‍ 500 ഡെവലപ്പര്‍മാരെ വിലയിരുത്തിയാണ്‌ ട്രാക്‌ ടു റിയാല്‍റ്റിയുടെ സമഗ്രമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ശോഭയുടെ നേട്ടത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന്‌ ശോഭ ലിമിറ്റഡ്‌ ചെയര്‍മാന്‍ രവി മേനോന്‍ പറഞ്ഞു. തുടര്‍ച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്താനായി എന്നത്‌ ഈ നേട്ടത്തിനെ കൂടുതല്‍ സവിശേഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസ്യത ആര്‍ജിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ വിജയമാണ്‌ ഈ ബഹുമതികളെന്നും രവി മേനോന്‍ പറഞ്ഞു.

Related Topics

Share this story