Times Kerala

“ചില സമയങ്ങളിൽ നിങ്ങൾക്ക്​ സംസാരിക്കാൻ കഴിയാതെ വരും”,എന്റെ ജീവിതത്തില്‍ എനിക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ടില്ല; ചിത്രം പങ്കുവെച്ച് അമിതാഭ്​ ബച്ചൻ

 
“ചില സമയങ്ങളിൽ നിങ്ങൾക്ക്​ സംസാരിക്കാൻ കഴിയാതെ വരും”,എന്റെ ജീവിതത്തില്‍ എനിക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ടില്ല; ചിത്രം പങ്കുവെച്ച് അമിതാഭ്​ ബച്ചൻ

ഏറ്റവും പ്രിയപ്പെട്ട ഒരോർമ്മ ആരാധകരുമായി പങ്കുവയ്ക്കുകയും സർപ്രൈസ് സമ്മാനമായി അത് കിട്ടുകയും ചെയ്ത സന്തോഷത്തിലാണ് അമിതാഭ് ബച്ചൻ.”ചില സമയങ്ങളിൽ നിങ്ങൾക്ക്​ സംസാരിക്കാൻ കഴിയാതെ വരും. ഞാൻ ഇപ്പോൾ അങ്ങനെയാണ്​. പലതും പ്രകടമാക്കാൻ ശ്രമിക്കുന്നുണ്ട്​. എന്നാൽ ഒന്നും പുറത്തുവരുന്നില്ല. എന്റെ ജീവിതത്തില്‍ എനിക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ടില്ല…” ഒരു മഞ്ഞ വി​ന്‍റേജ്​ ഫോർഡ്​ കാറിനരികെ നിൽക്കുന്ന ചിത്രവും പങ്കുവച്ച് മെഗാസ്​റ്റാർ അമിതാഭ്​ ബച്ചൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ച വരികളാണിത്.

നിമിഷങ്ങള്‍ക്കകം വൈറലായ ഈ ട്വീറ്റിന്‍റെ പിന്നിലെ കഥ ഇങ്ങനെയാണ്. തന്റെ കുടുംബത്തിലെ ആദ്യ കാറായ ഫോഡ് പെർഫെക്ടിന്റെ ഓർമകൾ കുറച്ചു നാൾ മുമ്പ് ബച്ചൻ തന്റെ ബ്ലോഗിലൂടെ പങ്കുവച്ചിരുന്നു. 1950-കളില്‍ ബച്ചന്‍ കുടുംബത്തിന്‍റെ വാഹനമായിരുന്നു ഇത്. ഇന്ന് വിന്റേജ് കാറുകളുടെ ഗണത്തിലാണ് ഈ വാഹനം. വാഹനത്തോടുള്ള തന്‍റെ വലിയ വൈകാരിക ബന്ധം വ്യക്തമാക്കിക്കൊണ്ടുള്ള ബച്ചന്‍റെ ഈ ബ്ലോഗ് അദ്ദേഹത്തിന്റെ സുഹൃത്തായ ആനന്ദ് കണ്ടു. അങ്ങനെ ബിഗ് ബിയുടെ ഈ പ്രിയ വാഹനം അദ്ദേഹത്തിന് സമ്മാനമായി നല്‍കാനും ആനന്ദ് തീരുമാനിച്ചു.

തുടര്‍ന്ന് ഏറെ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ വിന്‍റേജ് കാറുകളില്‍ നിന്നും ഫോര്‍ഡ് പെര്‍ഫെക്ടിനെ ആനന്ദ് കണ്ടെത്തി. തുടര്‍ന്ന് അത് റീസ്റ്റോര്‍ ചെയ്‍ത് വാങ്ങി. കാറിന് അതേ നിറത്തിലുള്ള പെയിൻറും നല്‍കി. ​അന്നത്തെ അതേ നമ്പറായ 2882 ഉം കാറിന് നല്‍കി. ബിഗ്​ബിയുടെ ബ്ലോഗിൽ നിന്നായിരുന്നു ഈ നമ്പര്‍ ആനന്ദിന് കിട്ടിയത്.

ഇത്രയും ചെയ്‍തതിന് ശേഷമാണ് കഴിഞ്ഞ ദിവസം ആനന്ദ് തന്റെ സമ്മാനവുമായി ബച്ചനെ കാണാനെത്തിയത്. ബ്ലോഗ്​ പ്രസിദ്ധീകരിച്ച്​ മാസങ്ങൾക്കു ശേഷമായിരുന്നു ആനന്ദിന്‍റെ ഈ വരവ്. തുടര്‍ന്നാണ് ബച്ചന്‍റെ വൈകാരികമായ ട്വീറ്റ്.

ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ഫോര്‍ഡ് യുകെ 1938 മുതൽ 1961 വരെ നിർമിച്ച കാറാണ് പെർഫെക്ട്. 1.2 ലിറ്റര്‍ എന്‍ജിനും മൂന്ന് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമാണ് ഈ വാഹനത്തില്‍. അക്കാലത്തെ സൂപ്പർ ഹിറ്റ് മോഡലായിരുന്നു ഫോര്‍ഡ് പെര്‍ഫെക്ട്. യുകെയിൽ മാത്രം നിർമിച്ച കാറിന്‍റെ രണ്ടു ലക്ഷം യൂണിറ്റുകൾ ലോകത്താകെമാനം വിറ്റിട്ടുണ്ട് എന്നാണ് കണക്കുകള്‍.

Related Topics

Share this story