Times Kerala

ഈ സൗദി രാജകുമാരനെ തടവിലാക്കിയത് അല്‍ഖ്വയ്ദ ഭീകരരുള്ള ജയിലില്‍; നേരിടുന്നത് കടുത്തശിക്ഷ

 

സൗദി : ലോകസമ്പന്നരില്‍ 57 ാമനും രാജകുടുംബാംഗവുമായ അല്‍ വലീദ് ബിന്‍ തലാല്‍ സൗദി ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയാവുകയാണെന്ന വാദവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്.ഇദ്ദേഹത്തെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുള്ള അല്‍ഹൈര്‍ ജയിലിലേക്ക് മാറ്റിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ആശങ്കയറിച്ച് ഒരു വിഭാഗം സാമൂഹ്യ സംഘടനകള്‍ രംഗത്തെത്തിയത്.നിരവധി അല്‍ഖ്വയ്ദ ഭീകരരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലാണിത്. 62 കാരനായ അദ്ദേഹം ഇവിടെ ക്രൂര പീഡനം നേരിടുകയാണെന്നാണ് പ്രസ്തുത സംഘടനകള്‍ ഉന്നയിക്കുന്നത്. 3.5 ബില്യണ്‍ ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തയാളാണ് അല്‍ വലീദ്.ലോകത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തുക നീക്കിവെച്ച വ്യക്തികളുടെ പട്ടികയില്‍ ഇദ്ദേഹം എട്ടാമനാണെന്ന് ഓര്‍ക്കണമെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

അമേരിക്കന്‍ സേനയില്‍ നിന്ന് കൂലിക്കെടുത്ത ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നത്. ഇത് നിമയവിരുദ്ധ പ്രവര്‍ത്തനമാണ്.നിയമപരമായ വിചാരണ പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും പ്രമുഖ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കുന്നു.റിയാദിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്സ് കാള്‍ട്ടനിലാണ് ഇദ്ദേഹമടക്കം അറസ്റ്റിലായ പ്രമുഖരെ ആദ്യം തടവിലാക്കിയത്.അഴിമതി നടത്തിയെന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ഉന്നതര്‍ക്കെതിരെ നവംബറില്‍ അഴിമതി വിരുദ്ധ സമിതിയുടെ നടപടിയുണ്ടായത്. എന്നാല്‍ സമ്പത്തിന്റെ നിശ്ചിത ശതമാനം തിരിച്ചടച്ചാല്‍ ഇവരെ മോചിപ്പിക്കാമെന്ന് സര്‍ക്കാര്‍ നിബന്ധന വെച്ചു.

അല്‍ വലീദിനെ മോചിപ്പിക്കാന്‍ 6 ബില്യണ്‍ ഡോളര്‍ കെട്ടിവെയ്ക്കണമെന്നായിരുന്നു ഭരണകൂടത്തിന്റെ അറിയിപ്പ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 38410 കോടി 68 ലക്ഷം വരും.എന്നാല്‍ ഈ നിര്‍ദേശം തലാല്‍ തള്ളി. സര്‍ക്കാരിന് താന്‍ സംഭാവനയായി മോശമല്ലാത്ത തുക നല്‍കാമെന്നും പക്ഷേ അത് അഴിമതി നടത്തിയതിനുള്ള പിഴയായി അംഗീകരിച്ച് സ്വീകരിക്കരുതെന്നും അദ്ദേഹം ഉപാധിവെച്ചു.എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചു.അഴിമതി നടത്തിയതിന്റെ പിഴയായി 6 ബില്യണ്‍ ഡോളര്‍ അടച്ചേ മതിയാകൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇത് വീണ്ടും നിഷേധിച്ചതോടെയാണ് ഇദ്ദേഹത്തെ കടുത്ത ക്രമീകരണങ്ങളുള്ള അല്‍ഹൈര്‍ ജയിലിലേക്ക് മാറ്റിയത്. ഒരാളുടെ മോചനത്തിന് ഇതാദ്യമായാണ് ഇത്രയും തുക കെട്ടിവെയ്ക്കാന്‍ സൗദി ഭരണകൂടം ആവശ്യപ്പെടുന്നത്.ആകെ 18 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്.ഇതിന്റെ 3 ല്‍ ഒരു ഭാഗമാണ് മോചനദ്രവ്യമായി നല്‍കേണ്ടത്. സര്‍ക്കാരിന്റെ ഉപാധി നിരസിച്ചതോടെ അദ്ദേഹത്തെ അല്‍ഹൈര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Related Topics

Share this story