Nature

ഒരു മീന്‍ പൊരിച്ചതില്‍ നിന്നുമാണ് എന്റെ ഫെമിനിസം തുടങ്ങുന്നത്! എത്രകാലം ഇങ്ങനെ തലകുനിച്ച് നില്‍ക്കും, എത്രകാലം മിണ്ടാതിരിക്കും; തുറന്നടിച്ച് നടി റിമ കല്ലിങ്കല്‍

മലയാള സിനിമാ രംഗത്ത് നിലനില്‍ക്കുന്ന വിവേചനവും സ്ത്രീവിരുദ്ധതയും വീണ്ടും തുറന്നുപറഞ്ഞ് നടി റിമാ കല്ലിങ്കല്‍. സ്ത്രീകളോട് എപ്പോഴും തലകുനിച്ചു നില്‍ക്കാനാണ് സിനിമാ മേഖല ആവശ്യപ്പെടുന്നതെന്നാണ് റിമ പറഞ്ഞത്. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കില്‍ സംസാരിക്കവെയാണ് റിമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്റെ ജീവിതത്തിലെ ഒരു അനുഭവം വിവരിച്ചുകൊണ്ടാണ് റിമ സംസാരിച്ചുതുടങ്ങിയത്. അതിങ്ങനെയായിരുന്നു.

ഞാനൊരു ഫെമിനിസ്റ്റാണ്. എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ പൊരിച്ചതില്‍ നിന്നുമാണ്. ഒരിക്കല്‍ ഞങ്ങള്‍ കുടുംബസമേതമിരുന്ന് ഡിന്നര്‍ കഴിക്കുകയായിരുന്നു. ഞാനും മുത്തശ്ശിയും അച്ഛനും സഹോദരനുമെല്ലാം ഉണ്ടായിരുന്നു. അമ്മയായിരുന്നു ഭക്ഷണം വിളമ്പിയിരുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍ ഞങ്ങള്‍ക്കൊപ്പം തന്നെ ഇരിക്കുകയും ഞങ്ങളെല്ലാം സ്വയം വിളമ്പി കഴിക്കുകയും ചെയ്തിട്ടില്ല. അമ്മയുടെ പക്കല്‍ മൂന്ന് മീന്‍ പൊരിച്ചതുണ്ടായിരുന്നു. കൂട്ടത്തില്‍ മുതിര്‍ന്ന ആളിനും രണ്ട് പുരുഷന്മാര്‍ക്കും അത് അവര്‍ വിളമ്പി. പന്ത്രണ്ടുകാരിയായ ഞാനിത് കണ്ട് കരയാന്‍ തുടങ്ങി. എനിക്ക് മീന്‍ പൊരിച്ചത് എന്തുകൊണ്ട് തന്നില്ലെന്ന് എനിക്ക് അറിയണമായിരുന്നു. എല്ലാവരും അമ്പരന്നു പോയി. എന്റെ അമ്മയും. ചോദ്യം ചോദിച്ചു കൊണ്ടുള്ള എന്റെ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. റിമ പറയുന്നു.

ഞാന്‍ സിനിമാ മേഖലയിലെത്തിയപ്പോള്‍, അഡ്ജസ്റ്റ്, കോംപ്രമൈസ്, ഷെല്‍ഫ്-ലൈഫ്’ തുടങ്ങിയ വാക്കുകളാണ് എന്നെ സ്വീകരിച്ചത്. പലപ്പോഴും തലകുനിച്ചുനില്‍ക്കാനാണ് സിനിമാ മേഖല സ്ത്രീകളോട് പറയുന്നത്. റിമ പറയുന്നു. സ്ത്രീകള്‍ അത്തരത്തില്‍ തലകുനിച്ചു നില്‍ക്കുന്നതുകൊണ്ടാണ് ഓരോവര്‍ഷവും വരുന്ന 150ഓളം നടിമാര്‍ക്ക് ഇവിടെയുള്ള പത്ത് നടന്മാരുടെ പെയറായി അഭിനയിക്കേണ്ടിവരുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘എത്രകാലം നമ്മള്‍ ഇങ്ങനെ തലകുനിച്ചുനില്‍ക്കും? എത്രകാലം ഇങ്ങനെ മിണ്ടാതിരിക്കും?’ റിമ ചോദിക്കുന്നു. സിനിമാ മേഖലയില്‍ പ്രതിഫലം നല്‍കുന്നതില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരെയും റിമ തുറന്നടിച്ചു. ‘ഇപ്പോഴും പുരുഷനടന്മാരുടെ മൂന്നിലൊന്ന് പ്രതിഫലം മാത്രമേ നമുക്കു തരുന്നുള്ളൂ. സാറ്റലൈറ്റ് റൈറ്റിലും ബോക്സ് ഓഫീസ് കളക്ഷനിലും നിങ്ങളെക്കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് ഞങ്ങളോട് പറയാറുള്ളത്.’

കേരളത്തിന്റെ ആരോഗ്യകരമായ സ്ത്രീപുരുഷ അനുപാതം സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നില്ലയെന്ന വിമര്‍ശനവും റിമ മുന്നോട്ടുവെക്കുന്നുണ്ട്. ഏതൊരു സെറ്റിലെയും സ്ത്രീ പുരുഷ അനുപാതം 1:30 ആണ്. അവര്‍ പറയുന്നു. ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയാനായി വിശാഖ കേസില്‍ സുപ്രീം കോടതി മുന്നോട്ടവെച്ച നിര്‍ദേശങ്ങള്‍ 40% വിനോദ നികുതി നല്‍കുന്ന സിനിമാ മേഖലയില്‍ പാലിക്കപ്പെടുന്നില്ലെന്നും റിമ ചൂണ്ടിക്കാട്ടുന്നു. സിനിമാ മേഖലയിലെ പുരുഷന്മാര്‍, അവര്‍ ഏതുപ്രായക്കാരായാലും അവരെ മുന്നില്‍ കണ്ടുകൊണ്ടുതന്നെ കഥകള്‍ തയ്യാറാക്കുകയും അവര്‍ക്ക് വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുനല്‍കുകയും ചെയ്യുമ്പോള്‍ സ്വന്തമായി തീരുമാനമെടുത്തുവെന്നതിന്റെ പേരില്‍ പോലും സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതാണ് സിനിമാ മേഖലയില്‍ ചെയ്യുന്നതെന്നും റിമ ചൂണ്ടിക്കാട്ടുന്നു.

20നും 70നും ഇടയില്‍ പ്രായമുള്ള നടന്‍, വിവാഹിതനായാലും അല്ലെങ്കിലും, കുട്ടികളുണ്ടായാലും ഇല്ലെങ്കിലും കൊച്ചുമക്കളുണ്ടായാലും അയാള്‍ക്ക് കഴിവ് പുറത്തെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്. അയാള്‍ക്കുവേണ്ടി, പ്രത്യേകം കഥകള്‍ തന്നെയെഴുതുന്നു. അവരെ വളര്‍ത്താനും, കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനും. അതാണ് അതിന്റെ ശരി. ഒരു കലാകാരിയെന്ന നിലയില്‍ അവരുടെ കാര്യത്തില്‍ ഞാനും സന്തുഷ്ടയാണ്. പക്ഷേ സ്വന്തം ജീവിതത്തിലെ എല്ലാ തീരുമാനവും സ്വയം എടുക്കുന്ന നടിയ്ക്ക് ഇത് ലഭിക്കുന്നില്ല. അവരുടെ കരിയറിനെ അത് ബാധിക്കുന്നു: വിവാഹിതയായാല്‍, വിവാഹമോചനം ചെയ്താല്‍, കുട്ടിയുണ്ടായാലൊക്കെ. അതെല്ലാം അവരുടെ കരിയറിനെ ബാധിക്കും.’ റിമ പറയുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.