Times Kerala

ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം…!

 
ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം…!

ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങര പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. കെട്ടുകാഴ്ചയില്‍ മുന്നിട്ടുനില്‍ക്കുന്ന ചെട്ടികുളങ്ങര ഭരണിക്ക്‌ ഏറെ പ്രസിദ്ധി. ഉത്സവകാലത്തെ ഭരണിചന്ത പണ്ടുമുതല്‍ ഇന്നാടിന്റെ സമൃദ്ധി വിളിച്ചറിയിച്ചുപോരുന്നു.

തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ദേവീക്ഷേത്രത്തിൽ നിന്നാണ്. “ആദിപരാശക്തിയുടെ” അവതാരമായ “ശ്രീ ഭദ്രകാളി” ആണ് മുഖ്യ പ്രതിഷ്ഠ. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ “ഓണാട്ടുകരയുടെ പരദേവത” എന്നും വിളിക്കുന്നു. മാവേലിക്കരയ്ക്കു പടിഞ്ഞാറായി 5 കി.മീ. മാറിയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രതിഷ്ഠ ശ്രീഭദ്രയാണെങ്കിലും പ്രഭാതത്തിൽ വിദ്യാസ്വരൂപിണിയായ “സരസ്വതിയായും” മധ്യാഹ്നത്തിൽ ഐശ്വര്യദായിനിയായ “മഹാലക്ഷ്മിയായും” സായാഹ്നത്തിൽ ദുഃഖനാശിനിയായ “ദുർഗ്ഗാദേവി” അഥവാ “ശ്രീ പാർവതി”എന്നീ 3 ഭാവങ്ങളിലും വിരാജിക്കുന്നു എന്നു സങ്കല്പം. പരബ്രഹ്മസ്വരൂപിണിയായ ജഗദീശ്വരിയുടെ ത്രിഗുണാത്മകമായ താന്ത്രിക ഭാവങ്ങൾ തന്നെ ആണ് മേൽപ്പറഞ്ഞ മൂന്നു ഭാവങ്ങൾ. അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകൾ ഇവിടുത്തെ പ്രത്യേകതയാണ്. കുംഭഭരണി നാളുകളിൽ സ്ഥലവാസികൾ “കൊഞ്ചുമാങ്ങ” എന്ന വിഭവം ഉണ്ടാക്കുന്നു. ഇത് വീട്ടിലെ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ദേവിയുടെ പ്രസാദമായി കണക്കാക്കപ്പെടുന്നു. “നവരാത്രി” സംഗീതോത്സവവും “വിജയദശമി” വിദ്യാരംഭവുമാണ് മറ്റു പ്രധാന ദിവസങ്ങൾ.

13 കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ്.

Related Topics

Share this story