Times Kerala

‘ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും, മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൗജന്യമായി; സെല്‍ഫ് ട്രോളുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

 
‘ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും, മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൗജന്യമായി; സെല്‍ഫ് ട്രോളുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

മലയാളത്തില്‍ അടുത്തിടെയായി ഏറ്റവും ആഘോഷിക്കപ്പെടുന്ന ഗായകനാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ. ഭാവം കൊടുത്ത് ഹരീഷ് ശിവരാമകൃഷ്‍ണൻ പാടുന്ന ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. വിമര്‍ശകരുമുണ്ട്. മലയാളത്തിലെ മനോഹര ഗാനങ്ങളെല്ലാം വലിച്ചുനീട്ടി നശിപ്പിക്കുകയാണ് എന്നാണ് ചിലരുടെ ആരോപണം. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയായി സെല്‍ഫ് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ്.

‘ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൗജന്യമായി. ബന്ധപ്പെടുക : എലാസ്റ്റിക് ഏട്ടന്‍ ഷൊറണൂര്‍.’ എന്നാണ് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്ത് എത്തിയിരിക്കുന്നത്.

‘ആരോ ചെയ്തു വെച്ചത് വലിച്ച് നീട്ടുമ്പോഴാണ് വിമര്‍ശനം ഉണ്ടാവുന്നത് ഇവരുടെ ഒക്കെ വായടയ്ക്കാന്‍ സ്വന്തമായൊന്നു ചെയ്തു കാണിക്കൂ’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് മറുപടിയായി, ‘ഇക്കണക്കിനു ത്യാഗരാജ കൃതി ഒന്നും പാടാന്‍ പറ്റില്ലല്ലോ? സ്വാതിതിരുനാള്‍ കൃതി ദാസേട്ടന്‍ സിനിമയില്‍ പാടുമ്പോ കല്ലറയില്‍ നിന്നു മഹാരാജാവ് എണീറ്റ് വന്നു മണ്ടക്ക് മേടും എന്ന് പറഞ്ഞ പോലെ ആയി… ഏതു പാട്ടും ഇലാസ്റ്റിക് ഏട്ടന് സമമാണ് … പാടണം എന്ന് തോന്നിയാ പാടും.’ എന്നാണ് ഹരീഷ് കുറിച്ചത്.

Related Topics

Share this story