Nature

ലക്ഷ്യം പരാതിരഹിത പഞ്ചായത്തുകള്‍: മന്ത്രി ഇ പി ജയരാജന്‍

news

മണ്ഡലത്തിലെ പഞ്ചായത്തുകളെ പരാതിരഹിതമാക്കി തീര്‍ക്കുകയാണ് അദാലത്തുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ ഇനി ഒരു പഞ്ചായത്തില്‍ മാത്രമാണ് അദാലത്ത് നടത്താന്‍ ബാക്കിയുള്ളതെന്നും മന്ത്രി പറഞ്ഞു.

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തില്‍ നടന്ന അദാലത്തില്‍ ആകെ 63 പരാതികളാണ് ലഭിച്ചത്. വാസയോഗ്യമായ വീട് അനുവദിച്ചു നല്‍കുന്നതിന് വേണ്ടിയുള്ള പരാതികളാണ് ഇവയില്‍ ഭൂരിഭാഗവും. നിലവില്‍ ലൈഫ് പദ്ധതിയില്‍ ഭവനരഹിതരെ മാത്രം ഉള്‍പ്പെടുത്തുന്നതിനാല്‍ പുതുതായി വീടിന് അപേക്ഷിച്ചവരെ പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും.

അദാലത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ അവിടെ നിന്നു തന്നെ തീര്‍പ്പു കല്പ്പിച്ചു. ബാക്കി പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളോട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. സിവില്‍ സപ്ലൈസ്, ആരോഗ്യം, താലൂക്ക്, കെഎസ്ടിപി, വില്ലേജ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് അദാലത്തിനായി എത്തിയത്.

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പ്രസീത, വൈസ് പ്രസിഡണ്ട് എം കെ കൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.