Nature

നിഷ്പക്ഷതയിലും വിശ്വാസ്യതയിലും കേരളത്തിലെ മാധ്യമങ്ങള്‍ ബഹുദൂരം മുന്നില്‍: ഉത്തരമേഖല ഡിഐജി കെ സേതുരാമന്‍

news

നിഷ്പക്ഷതയിലും വിശ്വാസ്യതയിലും കേരളത്തിലെ മാധ്യമങ്ങള്‍ ബഹുദൂരം മുന്നിലാണെന്ന് ഉത്തരമേഖല ഡി ഐ ജി കെ സേതുരാമന്‍ അഭിപ്രായപ്പെട്ടു.ദേശീയ മാധ്യമങ്ങളില്‍ നിഷ്പക്ഷത പ്രകടമാകുന്നില്ല. ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ദേശീയ മാധ്യമങ്ങള്‍ വഴിപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല.ജനാധിപത്യത്തിന്റെ കാവലാളായി തന്നെ ഇവിടുത്തെ മാധ്യമങ്ങള്‍ വര്‍ത്തിക്കുന്നുണ്ട്. മാധ്യമ ലോകം നേരിടുന്ന അപചയങ്ങളും വെല്ലുവിളികളും വിഷയമാക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് കണ്ണൂര്‍ പ്രസ് ക്ലബ്ബുകളുമായി സഹകരിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സമൂഹത്തില്‍ ഇടപെടണം. സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ചു വരുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തി മാധ്യമ പ്രവര്‍ത്തനം വിപുലീകരിക്കണം. മലയാള മാധ്യമ വെബ്‌സൈറ്റുകള്‍ കൂടുതല്‍ പ്രചാരം നേടണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും മാധ്യമ പ്രവര്‍ത്തകരായി മാറാവുന്ന കാലമാണിത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ജനങ്ങളുടെ ഇടപെടലുകളും വര്‍ധിച്ചു. മലയാള ഭാഷയുമായും മലയാള പത്രങ്ങളുമായും പുതുതലമുറയെ അടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അസത്യങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങള്‍ നേരിടുന്ന കടുത്ത വെല്ലുവിളി എന്ന് മീഡിയ വണ്‍ ചീഫ് എഡിറ്റര്‍ സി എല്‍ തോമസ് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാവി മാറിക്കഴിഞ്ഞു. അത് പ്രവചിക്കാന്‍ ആരും തയ്യാറാവുന്നില്ല. സത്യത്തിന്റെ പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് അസത്യം പ്രചരിപ്പിക്കുന്നത്. ഇന്ത്യയില്‍ അത് ഭീകരമാകുന്നത് കൂടുതലും മതത്തെ അടിസ്ഥാനപ്പെടുത്തുന്നത് കൊണ്ടാണ്. മാധ്യമങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്തും വിധം സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. മാധ്യമ പ്രവര്‍ത്തനം സംവാദാത്മകമാക്കുകയാണ് പ്രതിരോധ മാര്‍ഗം. മാധ്യമ പ്രവര്‍ത്തകര്‍ ജനാധിപത്യവാദികളാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പുതിയ കാലത്ത് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന തെറ്റായ പ്രവണതകളെ ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എ വി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. സത്യാനന്തര കാലത്താണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. വസ്തു നിഷ്ഠതയ്ക്ക് പകരം വ്യക്തികളുടെ വിചാര വികാരങ്ങളാണ് വാര്‍ത്തകളില്‍ മേല്‍ക്കൈ നേടുന്നത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രതിപക്ഷം അല്ലാതായിത്തീരുന്നുവെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി അബ്ദുള്‍ ഖാദര്‍ അഭിപ്രായപ്പെട്ടു. മാധ്യമ മേഖലയിലുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ കുറഞ്ഞു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസ്സ് ക്ലബ് പ്രസിഡണ്ട് എ കെ ഹാരിസ് അധ്യക്ഷനായി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, പ്രസ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മലയാള പത്രപത്രപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന എം എസ് മണിയുടെ നിര്യാണത്തില്‍ പി സുരേന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.