Nature

കണ്ണൂർ ജില്ലയില്‍ ആധുനിക ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിക്കും: മന്ത്രി ഇ പി ജയരാജന്‍

news

സ്‌പോട്‌സ് താരങ്ങളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനായി ആധുനിക ഉപകരങ്ങളും മികച്ച പരിശീലകരും ഉള്‍പ്പടെ സംസ്ഥാനത്തെ ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഫിറ്റ്‌നസ് സെന്ററുകളില്‍ ഒന്ന് ജില്ലയില്‍ സ്ഥാപിക്കുമെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ത്രിദിന അന്തര്‍ദേശീയ സ്‌പോട്‌സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക പ്രതിഭകള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി മികച്ച കായികാന്തരീക്ഷം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഫിറ്റ്‌നസ് സെന്ററിലൂടെ താരങ്ങള്‍ക്ക് ഇത് സാധ്യമാകും. തിരുവനന്തപുരം ജി വി രാജ സ്‌പോട്‌സ് സ്‌കൂള്‍ മാതൃകയില്‍ കണ്ണൂരില്‍ സ്‌പോട്‌സ് സ്‌കൂള്‍ സ്ഥാപിക്കുമെന്നും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.സ്‌പോട്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണ് സ്‌പോട്‌സ് ഹോസ്റ്റലുകളില്‍ മികച്ച ഭക്ഷണം ലഭ്യമാക്കണമെന്നത്. ഇപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് വ്യാപക പരാതിയും ഉണ്ട്. ഇതിന് പരിഹാരമായി ഏപ്രില്‍ മാസം മുതല്‍ ഭക്ഷണത്തിനാവശ്യമായ തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കും. അതിനനുസരിച്ച് കുട്ടികള്‍ക്ക് ആവശ്യമുള്ള ഭക്ഷണം കഴിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

കായികമേഖലയ പുനരുജ്ജീവിപ്പിക്കാന്‍ ഏറ്റവും ആഴത്തിലുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്നത്. നിലവില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്‌പോട്‌സ് കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ എല്ലാത്തരം കായിക താരങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകുന്നില്ല. ഇതിന് പ്രതിവിധിയായി സ്‌പോട്‌സ് കൗണ്‍സിലുകള്‍ പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കും. ക്ലബുകള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാവും ഇവയുടെ പ്രവര്‍ത്തനം സാധ്യമാക്കുക. പഞ്ചായത്ത് തലങ്ങളിലെ ശ്രദ്ധേയരായ കായിക താരങ്ങളെ കൗണ്‍സിലിന്റെ ഭാരവാഹികളാക്കും. ഫുട്‌ബോളിലെ ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നതിനായുള്ള പരിശീലനം പുരോഗമിക്കുകയാണ്. മാര്‍ച്ച് മാസത്തോടെ പരിശീലനം അമ്പത് കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. കായിക താരങ്ങളെയും അതീവ പ്രാധാന്യത്തോടെ പരിഗണിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൊയ്ത 400 ഓളം കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ജോലി നല്‍കി കഴിഞ്ഞു. 240 പേരാണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ നിലവില്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരെ കൂടാതെയുള്ള 195 പേര്‍ക്ക് ഉടന്‍ തന്നെ മുഖ്യമന്ത്രി നേരിട്ട് നിയമന ഉത്തരവ് നല്‍കും. കായികമേഖലയിലേക്ക് സ്വകാര്യ സംരംഭകര്‍ കൂടി കടന്നുവരുന്നത് സ്വാഗതാര്‍ഹമാണെന്നും ഇതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്നു ദിനങ്ങളിലായി നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായി കേരളത്തിന്റെ കായികമേഖലയെക്കുറിച്ചുള്ള സെമിനാര്‍, ആര്‍ച്ചറി, റൈഫിള്‍ ഷൂട്ടിംഗ്, വാട്ടര്‍ ഡോര്‍ബിംഗ്, പെനാല്‍റ്റി ഷൂട്ട്ഔട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും സ്‌കൂബാ ഡൈവിംഗ്, സൂംബ ഡാന്‍സ്, എയ്റോബിക്സ്, യോഗ എന്നിവയുടെ മാസ് ഡെമോണ്‍സ്ട്രേഷനും അരങ്ങേറും. വൈകുന്നേരങ്ങളില്‍ സാംസ്‌കാരിക പരിപാടികളും നടക്കും. ഇന്ത്യന്‍ എക്സിബിഷന്‍ സര്‍വ്വീസസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചടങ്ങില്‍ അധ്യക്ഷനായി. അന്തര്‍ദേശീയ കായിക താരങ്ങളായ ഒളിമ്പ്യന്‍ ഷൈനിവിത്സണ്‍, ടോം ജോസഫ്, യു ഷറഫലി, വിത്സണ്‍ ചെറിയാന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഡയറക്ടര്‍ ജറോമിക് ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ഡിഡിഇ ടി പി നിര്‍മ്മല ദേവി, സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ് കുമാര്‍, സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്് ഒ കെ വിനീഷ്, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എന്‍ ധീരജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.