Times Kerala

”അമ്മയ്ക്ക് തുല്യം അമ്മ മാത്രം” ശ്വാസതടസമുണ്ടായി മരണത്തോട് മല്ലിട്ട കുഞ്ഞിനെ അമ്മ അതിവിദഗ്ധമായി ജീവിതത്തിലേക്ക് തിരികെപ്പിടിച്ചു

 

ലണ്ടന്‍: മുപ്പത്തിയൊമ്പതുകാരിയായ അമ്മയുടെ സമയോചിതമായ ഇടപെടലിലൂടെ ഒരു മാസം പ്രായമായ കുഞ്ഞിന് ജീവന്‍ തിരിച്ചുകിട്ടി. ജാസ്മിന്‍ ലെഗ് എന്ന യുവതിയുടെ മകന് ശ്വാസതടസം നേരിട്ട് ശരീരമാകെ നീലനിറമായി. പരിഭ്രാന്തയായ ജാസ്മിന്‍ 999ലേക്ക് വിളിച്ചു.

ഡാരന്‍ ബ്രാഡ്‌ലി എന്നയാള്‍ ലൈനിലെത്തി. മകന്‍ സചാരി ലെഗിന്റെ ജീവന്‍ തിരിച്ചു കിട്ടിയ സംഭവത്തിന്റെ ഫോണ്‍ ശബ്ദരേഖ പിന്നീട് ജാസ്മിന്‍ പുറത്തുവിട്ടു. കഴിഞ്ഞ മാസമാണ് സംഭവം. സചാരിക്ക് പനിയും ചുമയുമായിരുന്നു. നെഞ്ചില്‍ കഫവും കെട്ടിയിരുന്നു.

കുഞ്ഞിന്റെ ശരീരോഷ്മാവ് കുറയുന്നത് കണ്ടതോടെ ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സിന് പറഞ്ഞു ജാസ്മിന്‍. എന്നാല്‍ പെട്ടെന്ന് സചാരിക്ക് ശ്വാസതടസമുണ്ടാകുകയും ശരീരം നീലനിറമാവുകയും ചെയ്തു. ഇതോടെ പേടിച്ച ജാസ്മിന്‍ പെട്ടെന്ന് 999ലേക്ക് വിളിച്ചു. ലൈനിലെത്തിയ ഡാരന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ജാസ്മിന് പറഞ്ഞു കൊടുത്തു.

ഇതുവരെ സിപിആര്‍ ചെയ്തിട്ടില്ലെങ്കിലും ഡാരന്റെ നിര്‍ദ്ദേശങ്ങള്‍ ജാസ്മിന്‍ അതേപോലെ ചെയ്തു. കുഞ്ഞിന്റെ മൂക്കും വായും തന്റെ വായിലേക്ക് ചേര്‍ത്ത് വെച്ച് ജാസ്മിന്‍ ശ്വാസം നല്‍കി. ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് എത്തുന്നത് വരെ ഇതങ്ങനെ തന്നെ തുടര്‍ന്നു.

പിന്നീട് സതാംപ്ടണ്‍ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. സചാരിക്ക് ശ്വാസനാളത്തില്‍ അണുബാധയുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ കണ്ടെത്തി. ശ്വാസനാളത്തിന് തടസമായിരുന്ന കഫം സിപിആര്‍ നല്‍കിയപ്പോള്‍ തെറിച്ചുപോയതാണ് കുഞ്ഞിന്റെ ജീവന് രക്ഷയായതെന്ന് ഡോക്ടര്‍ പറഞ്ഞു. മകനിപ്പോള്‍ ആരോഗ്യവാനാണെന്ന് ജാസ്മിന്‍ പറഞ്ഞു.

Related Topics

Share this story