Times Kerala

മരിച്ചെന്ന് വിധിയെഴുതിയത് മൂന്ന് ഡോക്ടര്‍മാര്‍; പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് ഇരുപത്തിയൊന്‍പതുകാരന്‍ കൂര്‍ക്കം വലിച്ചു

 

മാഡ്രിഡ്: മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് കൂര്‍ക്കം വലിച്ചു. സ്‌പെയിനിലെ വില്ലബോന ജയിലിലെ തടവുപുള്ളിയായ ഗോണ്‍സാലോ മൊണ്‍ടോയ എന്ന ഇരുപത്തിയൊന്‍പതുകാരനാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് വെച്ചിടത്തു നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ഞായറാഴ്ചയായിരുന്നു ഗോണ്‍സാലോയെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലത്തെ പതിവ് അസംബ്ലിക്ക് ഇയാള്‍ എത്താഞ്ഞത് കാണാഞ്ഞ് അധികൃതര്‍ സെല്ലിലെത്തി നോക്കിയപ്പോഴാണ് ഗോണ്‍സാലോ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

ഉടനെ ജയില്‍ ഡോക്ടറെ വിളിച്ച് വരുത്തി പരിശോധന നടത്തി. ഇയാള്‍ മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി. തുടര്‍ന്ന് മറ്റ് രണ്ട് ഡോക്ടര്‍മാര്‍ കൂടി ഈ റിപ്പോര്‍ട്ട് ശരിവെച്ചു.

ഇതോടെ ഇയാളുടെ ശരീരം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഓട്ടോപ്‌സി എടുക്കുന്നതിനുള്ള അടയാളങ്ങള്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനായി ശരീരം മാറ്റിവെച്ചു.

എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞ് അവിടെയെത്തിയ മറ്റൊരു ഡോക്ടര്‍ കൂര്‍ക്കം വലി കേട്ട് പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെത്തി ശരീരം പരിശോധിച്ചു. തുടര്‍ന്ന് ഇയാളെ വിദഗ്ധ പരിശോധന നടത്തി.

ഈസമയം ഗോണ്‍സാലോയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. ശരീരഭാഗങ്ങള്‍ മൃതതുല്യമായ അവസ്ഥയില്‍ ജീവന്റെ ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത കാറ്റലപ്‌സി എന്ന അവസ്ഥയിലായിരുന്നു ഗോണ്‍സാലോയെന്നും അതുകൊണ്ടാണ് ആദ്യം പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് ഇയാള്‍ക്ക് ജീവനുണ്ടെന്ന് മനസിലാകാഞ്ഞതെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം മരിച്ചെന്ന് മൂന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കേണ്ടിടത്ത് ആദ്യം പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് വായിച്ച് ഒപ്പിടുക മാത്രമാണ് മറ്റ് രണ്ടുപേരും ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.

ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംഭവത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

Related Topics

Share this story