Times Kerala

നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് വീഡിയോ പകര്‍ത്തി; മൂന്ന് നഴ്‌സുമാരെ പുറത്താക്കി

 

റിയാദ്: നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് പിടിച്ച് വീഡിയോ പകര്‍ത്തിയ നഴ്‌സുമാരെ പുറത്താക്കി. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലെ നഴ്‌സുമാരെയാണ് പുറത്താക്കിയത്. നഴ്‌സുമാര്‍ പിഞ്ചു കുഞ്ഞിന്റെ കഴുത്തിലും തലയിലും പിടിച്ച് ഞെരിക്കുകയും മുഖം അമര്‍ത്തുകയും ചെയ്ത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

അണുബാധയെ തുടര്‍ന്ന് ചികിത്സയ്ക്ക് പ്രവേശിപ്പിച്ച കുഞ്ഞിനോടാണ് നഴ്‌സുമാര്‍ ക്രൂരമായി പെരുമാറിയത്. വീഡിയോയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ഏതാണെന്ന് തിരിച്ചറിഞ്ഞത്.

അന്വേഷണത്തില്‍ മൂന്ന് നഴ്‌സുമാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും പുറത്താക്കുകയുമായിരുന്നു. തൈഫിലെ മെറ്റേണിറ്റി ആശുപത്രിയിലെ നഴ്‌സുമാരെയാണ് പുറത്താക്കിയതെന്ന് തൈഫ് ഹെല്‍ത്ത് അഫയേഴ്‌സ് വക്താവ് അബ്ദുള്‍ ഹാദി അല്‍ റബീ പറഞ്ഞു.

ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് തങ്ങളുടെ കുഞ്ഞിനോട് നഴ്‌സുമാര്‍ ഇത്ര ക്രൂരമായി പെരുമാറിയത് മാതാപിതാക്കള്‍ പോലും അറിയുന്നത്. പത്ത് ദിവസമായിരുന്നു ചികിത്സയുടെ ഭാഗമായി കുട്ടി ആശുപത്രിയിലുണ്ടായിരുന്നത്.

Related Topics

Share this story