Times Kerala

ട്രെയിനില്‍ നിന്ന് വീണ് ഇരു കാലുകളും നഷ്ടമായ യുവാവിന് കാലും വീടും നല്‍കി സുമനസ്സുകള്‍.!

 
ട്രെയിനില്‍ നിന്ന് വീണ് ഇരു കാലുകളും നഷ്ടമായ യുവാവിന് കാലും വീടും നല്‍കി സുമനസ്സുകള്‍.!

ട്രെയിനില്‍ നിന്നും വീണ് രണ്ടു കാലും പോയ ഫൈസലിന്റെ ജീവിതകഥ സോഷ്യൽ മീഡിയയിലൂടെയും മറ്റും വർത്തയായതാണ്. ഫിറോസ് കുന്നംപറമ്പിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഫൈസലിന്റെ ഉള്ളുരുക്കുന്ന കഥ പുറം ലോകത്തെത്തിച്ചത്. ഇപ്പോഴിതാ കേരളത്തിനും മലയാളിക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫൈസല്‍ നെല്ലൂന്നി. ഇരു കാലുകളും അപകടത്തില്‍ നഷ്ടപ്പെട്ട യുവാവ് ഇന്ന് കൃത്രിമകാലില്‍ നടക്കാന്‍ തുടങ്ങുന്നു. വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മാറാന്‍ ഒരുങ്ങുന്നു. ഒരുപാട് പേരുടെ സഹായം കൊണ്ടാണ് ജീവിതം ഇതുപോലെ തിരിച്ചുകിട്ടിയതെന്നും ഫൈസല്‍ വ്യക്തമാക്കുന്നു. ഗൃഹപ്രവേശന ചടങ്ങിന് എല്ലാവരെയും ക്ഷണിച്ചു കൊണ്ടാണ് യുവാവിന്റെ ഈ കുറിപ്പ്.

കുറിപ്പ് വായിക്കാം:

പ്രിയ സഹോദരി സഹോദരന്മാരെ, ഞാൻ ഫൈസൽ നെല്ലൂന്നി, തലശേരിയിൽ വെച്ചുണ്ടായ ഒരു ട്രെയിൻ അപകടത്തിൽ രണ്ട്‌ കാലും നഷ്ടപെട്ട്‌, ജീവിതം തന്നെ തീർന്നു എന്ന് കരുതിയപ്പോൾ എനിക്ക്‌ മനസ്സിനു കരുത്ത്‌ തന്നവർ, എന്നെ സഹായിച്ചവർ, ഞാൻ ഇന്ന് പോലും കണ്ടിട്ടില്ലാത്തവരൊക്കെയായിരുന്നു.

പ്രത്യേകിച്ച്‌ ഫിറോസ്‌ കുന്നംപറമ്പിൽ എന്റെ വീട്ടിൽ വരുന്നത്‌ വരെ എന്നെ സഹായിച്ചവർ, ഫിറോസിക്കാന്റെ വിഡിയോ കണ്ട്‌ എന്റെ അക്കൗണ്ടിൽ പണമിട്ട്‌ സഹായിച്ചവർ,ഞാനും എന്റെ രണ്ട്‌ മക്കളും ഉമ്മയും വാടക വീട്ടിലാണെന്ന് അറിഞ്ഞപ്പോൾ ,ഫിറോസ്കാന്റെ വിഡിയോ കണ്ട്‌ എനിക്ക്‌ വീട്‌ വെക്കാൻ സഹായം ചെയ്ത ഞാനും എന്റെ കുടുംബവും എന്നും പ്രാർഥനയോടെ ഓർക്കുന്ന പേരു പറയാൻ ആഗ്രഹിക്കാത്ത ആ ബഹുമാന വ്യക്തിക്കും,

പിന്നെ എന്റെ ദുഖത്തോടും സന്തോഷത്തോടും ഒപ്പം ന്നിന്ന എല്ലാവരോടും ഹൃദയത്തിൽ ന്നിന്ന് നന്ദിയും കടപ്പാടും അറിയിക്കുന്നു.പ്രത്യേകിച്ച് ബഹുമാന്യനും,സഹോദരതുല്യനുമായ എന്റെ പ്രിയപെട്ട ഫിറോസ് കുന്നംപറമ്പിലിനോടുള്ള സ്നേഹവും നന്ദിയും കടപാടും ഈ അവസരത്തിൽ അറിയിക്കുന്നു.

എല്ലാം ഒരു വിധിപോലെ സംഭവിച്ചതാണെങ്കിലും, എനിക്ക്‌ തണലായി നിന്ന നിങ്ങൾക്കെല്ലാം സർവ്വ ശക്തൻ നൽകിയ ആ നല്ല മനസ്സിനെ കാണാൻ കഴിഞ്ഞത്‌ വിഷമത്തിലും ഒരു സന്തോഷം നൽകുന്ന ഒന്നാണു.ഞാൻ ഈ എഴുത്ത്‌ എഴുതുന്നത്‌, നിങ്ങളുടേയൊക്കെ സഹായവും പ്രാർത്ഥനയും കൊണ്ട്‌ എനിക്ക്‌ കിട്ടിയ വീടിന്റെ പണി ഏകദേശം തീർന്നിരിക്കുന്നു. അൽഹംദുലില്ലാ…

ഈ വരുന്ന ഫിബ്രവരി 23 നു ഞാൻ സ്വന്തം വീട്ടിലേക്ക്‌ താമസം മാറുകയാണു. ഈ എഴുത്ത്‌ ഒരു ക്ഷണക്കത്തായി സ്വീകരിച്ച്‌ എന്നെ അറിയുന്ന ഞാൻ കണ്ടിട്ടില്ലാത്തവരും കണ്ടവരുമായ എല്ലാവരും ആ ദിവസം വീട്ടിൽ വന്ന് എന്റെയും കുടുംബത്തിന്റേയും സന്തോഷത്തിൽ പങ്ക്‌ ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Topics

Share this story