Times Kerala

കേരള ബജറ്റില്‍ പ്രവാസിക്ഷേമത്തിന് നല്‍കിയ പരിഗണന അഭിനന്ദനാര്‍ഹം: നവയുഗം

 
കേരള ബജറ്റില്‍ പ്രവാസിക്ഷേമത്തിന് നല്‍കിയ പരിഗണന അഭിനന്ദനാര്‍ഹം: നവയുഗം

ദമ്മാം: കേരള നിയമസഭയില്‍ ധനമന്ത്രി ഡോക്ടര്‍ തോമസ്‌ ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികളുടെ ക്ഷേമത്തിനും വിവിധ പദ്ധതികള്‍ക്കും നല്‍കിയ പ്രത്യേക പരിഗണനയ്ക്ക് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി കേരളസര്‍ക്കാരിനെ അഭിനന്ദിച്ചു. .

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി അഞ്ചു വര്‍ഷം കൊണ്ട് ആകെ ചെലവഴിച്ചത് 82 കോടി രൂപയായിരുന്നു എങ്കില്‍ ഈ സർക്കാർ ഇതിനോടകം 152 കോടി ചിലവഴിച്ചു കഴിഞ്ഞു എന്ന കണക്ക് തന്നെ പ്രവാസികളുടെ ക്ഷേമത്തിന് നല്‍കുന്ന മുന്‍ഗണനയ്ക്ക് തെളിവാണ്. പ്രവാസി വകുപ്പിനുള്ള വകയിരുത്തൽ 2019-20-ൽ 30 കോടി രൂപയായിരുന്നത്, ഈ ബജറ്റില്‍ 90 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രോത്സാഹനജനകമായ നടപടികള്‍ കാരണം പ്രവാസി ക്ഷേമനിധി അംഗത്വം 1.1 ലക്ഷത്തിൽ നിന്നും 4.7 ലക്ഷമായി ഉയർന്നു കഴിഞ്ഞു.

തിരിച്ചു വരുന്ന പ്രവാസകളുടെ പുനരധി വാസത്തിനാണ് ഏറ്റവും വലിയ മുൻഗണന ബജറ്റില്‍ നൽകിയിരിയ്ക്കുന്നത്. പ്രവാസി ക്ഷേമനിധിയ്ക്കായി മാത്രം 9 കോടി രൂപ നീക്കി വെച്ചു, ചെറുകിട പ്രവാസി സംരംഭകർക്ക് മൂലധന സബ്സിഡിയും, നാലു വർഷേത്തയ്ക്ക് പലിശ സബ്സിഡിയും നൽകുന്നതിന് 18 കോടി നീക്കിവെച്ചു, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റെറിന് 2 കോടി രൂപ നീക്കിവെച്ചു തുടങ്ങിയവ ആ പ്രത്യേക പരിഗണനയ്ക്ക് തെളിവാണ്. സാന്ത്വനം സ്കീമിന് 27 കോടി രൂപ നീക്കിവെച്ചു. പ്രവാസി സഹായങ്ങൾ ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി 1ലക്ഷം രൂപയിൽ നിന്നും 1.5ലക്ഷമായി ഉയർത്തി.

വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കു വേണ്ടി സാധാരണനിലയില്‍ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ടുള്ള കെയര്‍ ഹോം അഥവാ ഗാര്‍ഡന്‍ ഓഫ് ലൈഫ് പദ്ധതിയും ഇതിനുള്ള കമ്പനിക്ക് നോർക്ക ഓഹരിയായി ആദ്യ യൂണിറ്റിന് അഞ്ചേക്കർ ഭൂമി ലഭ്യമാക്കും എന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്.

വിദേശ ജോലിക്ക് പ്രോൽസാഹനം നൽകുക എന്ന ലക്ഷ്യത്തോടെ വിദഗദ് സംഘത്തിന്റെ സഹായേത്തോടെ ജോബ് പോർട്ടൽ സമ്രഗമാക്കുന്നതിന് 1 കോടി രൂപ നീക്കിവെച്ചതും, വൈദഗ്‌ദ്ധ്യ പോഷണത്തിന് 2 കോടി രൂപ നീക്കിവെച്ചതും, 10000 നേഴ്സുമാർക്ക് വിദേശ ജോലിക്ക് ക്രാഷ് ഫിനിഷിംഗ് കോഴ്സിനായി 5 കോടി രൂപ നീക്കിവെച്ചതും പ്രവാസികളുടെ ഭാവിയിലേയ്ക്കുള്ള സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമാണ് കാണിയ്ക്കുന്നത്.

വിദേശത്തുള്ള പ്രവാസികളുടെ സഹായത്തിനായുള്ള പരിപാടിയുടെ ഭാഗമായി 24 മണിക്കൂർ ഹെൽപ്പ് ലൈനിനും, ബോധവൽക്കരണത്തിനും, പ്രവാസി ലീഗൽ എയ്ഡ് സെല്ലിനും കൂടി 3 കോടി രൂപ, പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് 2 കോടി രൂപ, എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് എവാക്വേവഷനുംകൂടി 1.5 കോടി രൂപ, ഇന്റർനെറ്റ്,റേഡിയോ,മലയാള മിഷൻ പഠന കേന്ദ്രങ്ങളിൽ ഗ്രന്ഥശാലകൾ, മലയാളം പഠിക്കുന്നതിനുള്ള ഓൺലൈൻ കോഴ്സുകൾ എന്നിവയ്ക്കായി മലയാളം മിഷന് 3 കോടി രൂപ, ലോക കേരള സഭക്കും ലോക സാംസ്കാരിക മേളക്കും 12 കോടി രൂപ എന്നിങ്ങനെ നീക്കി വെച്ചതും സ്വാഗതാര്‍ഹമാണ്.

പ്രവാസികളുടെ സമ്പാദ്യ സമാഹരണവും ക്ഷേമവും മുൻനിർത്തി ആരംഭിച്ചിട്ടുള്ള രണ്ട് പ്രമുഖ സ്കീമുകളാണ് പ്രവാസി ഡിവിഡന്റും പ്രവാസി ചിട്ടിയും. 2020-21 ൽ ഇവ രണ്ടും പൂർണ്ണ പ്രവർത്തനപഥത്തിലെത്തും എന്നാണ് ബജറ്റ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസം ഡിവിഡന്റ് സർക്കാർ സബ്സിഡിയോടു കൂടി ഗ്യാരണ്ടി ചെയ്യുന്നു. പ്രവാസി ചിട്ടിയിലാകെട്ട, ചിട്ടിയുടെ എല്ലാവിധ ആനുകൂല്യങ്ങൾക്കൊപ്പം പ്രവാസികൾക്ക് ഇൻഷ്വറൻസിന്റെയും പെൻഷൻന്റെയും ആനുകൂല്യങ്ങളും ഉറപ്പുനൽകും. ഇതിന്റെ ഭാഗമായ വിദേശ മലയാളികൾക്ക് കേരളത്തിലെ പ്രൊജക്ടുകൾ സ്പോൺസർ ചെയ്യാം, കേരളത്തിൽ നടത്തുന്ന ചാരിറ്റിക്ക് പ്രോൽസാഹനതുകയും സംഘടനകൾക്ക് ലഭ്യമാക്കും എന്നീ പ്രഖ്യാപനങ്ങളും ശ്രദ്ധേയമാണ്..

രാജ്യത്തിന്റെ വ്യാപാര കമ്മി നികത്തുന്നതിൽ ഏറ്റവും വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന നൽകാൻ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച കേന്ദ്ര സർക്കാർ ബജറ്റില്‍ തയ്യാറാകാത്തതില്‍ നിരാശരായ പ്രവാസികള്‍ക്ക്, ആശ്വാസം പകരുന്നതാണ് കേരള സംസ്ഥാനത്തിന്റെ ഈ ബജറ്റ്.

പ്രവാസി താത്പര്യങ്ങള്‍ക്കും, ക്ഷേമത്തിനും ഇത്രയധികം മുന്‍ഗണന നല്‍കിയ ഒരു കേരള ബജറ്റ് ഉണ്ടായിട്ടില്ലെന്നും, അതിനായി ധനമന്ത്രിയോടും കേരള സര്‍ക്കാരിനോടും നന്ദി പറയുന്നതായും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെന്‍സി മോഹനും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും പത്രകുറിപ്പിലൂടെ അറിയിച്ചു.

Related Topics

Share this story