Nature

സമാന യോഗ്യതയുള്ള തസ്തികകള്‍ക്ക് പി.എസ്.സിയുടെ പൊതു പരീക്ഷ വരുന്നു

തിരുവനന്തപുരം: സമാന യോഗ്യതയുള്ള തസ്തികകള്‍ക്ക് പൊതു പരീക്ഷ നടത്താന്‍ പി. എസ്.സി തയാറെടുക്കുന്നു. പി.എസ്.സി. നടത്തുന്ന പരീക്ഷകളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ച് പൊതു പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട ഉപസമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം അംഗീകരിച്ചു. ഇതനുസരിച്ച് വിവിധ തസ്തികകള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ ഒരേ യോഗ്യതയാണെങ്കില്‍ ഇനി പൊതു പരീക്ഷയായിരിക്കും ഉണ്ടാവുക. അഭിമുഖം പ്രത്യേകം നടത്തിയായിരിക്കും റാങ്ക്‌ലിസ്റ്റ് തയാറാക്കുക. ഇന്നലെ നടന്ന യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചെങ്കിലും പരീക്ഷ നടത്തിപ്പ്,പരീക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട ഗ്രൂപ്പുകള്‍ എന്നിവ സംബന്ധിച്ച് പിന്നീടായിരിക്കും തീരുമാനം കൈക്കൊള്ളുക.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസില്‍ അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍, അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ -രണ്ടാം എന്‍.സി.എ – വിശ്വകര്‍മ, വിവിധ കമ്പനി,ബോര്‍ഡ്,കോര്‍പ്പറേഷനുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഹാന്‍ടെക്‌സില്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് (ജനറല്‍, സൊസൈറ്റി കാറ്റഗറികള്‍)എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ മലയാളം സ്റ്റെനോഗ്രാഫര്‍ തസ്തികയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിയം കം ഫോട്ടോഗ്രാഫിക് അസിസ്റ്റന്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഇ.സി.ജി. ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നീഷ്യന്‍) എന്നീ തസ്തികകളില്‍ അഭിമുഖം നടത്താനും കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്), ജലഗതാഗതവകുപ്പില്‍ പാറ്റേണ്‍ മേക്കര്‍ എന്നീ തസ്തികകളിലേയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താനും യോഗം തീരുമാനമെടുത്തു.

 

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.