chem

മമ്മൂട്ടിയെ വെറുതെ വിടൂ; “കസബ’ വിവാദത്തിൽ പിന്തുണയുമായി ശ്രീകുമാർ മേനോൻ

“കസബ’ വിവാദത്തിൽ മമ്മൂട്ടിക്ക് ശക്തമായ പിന്തുണയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്. മമ്മൂട്ടി അറുപതോ നൂറോ വയസുകാരനാകട്ടെ അദ്ദേഹത്തെ അഭിനയമെന്ന മോഹത്തിൽ സ്വസ്ഥനാകാൻ അനുവദിക്കൂ എന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. ഫേസ്ബുക്കിലാണ് സംവിധായകൻ കസബ വിഷയത്തിൽ ദീർഘമായ കുറിപ്പെഴുതിയിരിക്കുന്നത്.

ചരിത്രം ഒരു കല്ലേറിലും തിരുത്തപ്പെടില്ല എന്ന ആമുഖത്തോടെയാണ് ശ്രീകുമാർ മേനോൻ കുറിപ്പ് തുടങ്ങുന്നത്. കസബ വിഷയത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്ത സ്ത്രീവിരുദ്ധ പ്രവർത്തികളുടെ പേരിൽ അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിക്കണം. വിമർശനങ്ങളെല്ലാം മമ്മൂട്ടി എന്ന നടനല്ല ഏറ്റുവാങ്ങുന്നതെന്നും മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്‍റെ പേരിലുള്ള വാദകോലാഹലങ്ങളുടെ പേരിൽ താൻ ആരെയും പ്രതികരിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടിക്ക് തന്നെ പറയേണ്ടി വന്നു. പെട്ടന്ന് ഒന്നിലും ഉലഞ്ഞുപോകാത്ത ആളായിട്ടും വിവാദം അദ്ദേഹത്തിന് വല്ലാത്ത മാനസിക സംഘർഷം സൃഷ്ടിച്ചതുപോലെയാണ് തനിക്ക് തോന്നിയതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

മമ്മൂട്ടിയെപോലെ ഒരാൾ സിനിമയിൽ സ്ത്രീവിരുദ്ധ കഥാപാത്രം പറയാൻ പാടില്ലായിരുന്നുവെന്ന വാദം അദ്ദേഹം തള്ളി. പറഞ്ഞത് മമ്മൂട്ടിയല്ലെന്നും സ്ത്രീവിരുദ്ധനായ സിനിമയിലെ കഥാപാത്രമാണെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കി. ഭാരതകഥാ കാലം മുതൽ കഥാപാത്ര സൃഷ്ടിയിൽ നന്മ മാത്രമല്ല ഉള്ളത്. രചനകളിൽ ദുശാസനമാരും ശകുനിമാരും ആണിനെ ചതിക്കുന്ന പൂതനമാരുമുണ്ടായിട്ടുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രം അത്തരമൊരു സൃഷ്ടി മാത്രമായിരുന്നുവെന്ന് മനസിലാക്കാൻ സാധാരണ ബുദ്ധി മാത്രം മതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുകുമാരിയും മീനയും ചെയ്ത ദുഷ്ടകളായ അമ്മായിയമ്മ കഥാപാത്രങ്ങളുടെ പേരിൽ അവരെ ആരെങ്കിലും കല്ലെറിയുകയോ വെറുക്കുകയോ ചെയ്തിട്ടില്ല. തിങ്കളാഴ്ച നോയന്പിന്ന് മുടക്കും ഞാൻ എന്ന് പാടിയ ഗാനഗന്ധർവനെയോ ഈ വരികളെഴുതിയ വയലാറിനെയോ സ്തീവിരുദ്ധരായി ആരും കണ്ടിട്ടില്ല. ഇപ്പോൾ വിവാദമായിരിക്കുന്ന അഭിപ്രായത്തെക്കുറിച്ച് ചിന്തിച്ചാൽ മതി എത്രമേൽ അർഥശൂന്യമായിരുന്നു അതെന്ന് ബോധ്യപ്പെടാൻ. ആരാധകര്‍ക്കു മേല്‍ കടിഞ്ഞാണുള്ള ഒരു നടനും ഈ ഭൂമിയിലില്ല. സ്വിച്ചിട്ടാല്‍ തന്‍റെ ഇച്ഛപ്രകാരം ചലിക്കുന്നവരാണ് ആരാധക സഹസ്രങ്ങളെങ്കില്‍ ഇവിടത്തെ താരങ്ങളെന്നേ സ്വേച്ഛാധിപതികളായേനെ എന്നും ശ്രീകുമാർ മേനോൻ ചോദിച്ചു.

തൊഴില്‍പരമായി തുടങ്ങി വ്യക്തിപരമായി മാറിയ ആഴത്തിലുള്ള സൗഹൃദമുണ്ട് മമ്മൂട്ടിയോട്. സംഭാഷണങ്ങളില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം “ചതിയന്‍ ചന്തുവോ ഭാസ്കരപട്ടേലറോ മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജിയോ രാജന്‍ സക്കറിയയോ ആയില്ല. പകരം എപ്പോഴും മമ്മൂട്ടി എന്ന മനുഷ്യന്‍ മാത്രമായിരുന്നു. ഇക്കാലമത്രയും മമ്മൂട്ടിക്ക് മേല്‍ സ്ത്രീവിരുദ്ധതയുടെ എന്നല്ല മാനവികതയ്ക്ക് നിരക്കാത്ത ഒന്നിന്‍റെയും കളങ്കം ആര്‍ക്കും ആരോപിക്കാനാകില്ല. അത്രയും തെളിമയോടെ ജീവിതത്തിലും തൊഴില്‍ മേഖലയിലും സഞ്ചരിക്കാന്‍ അദ്ദേഹത്തിനാകുന്നു. നാല് പതിറ്റാണ്ടുകൊണ്ട് നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും മമ്മൂട്ടി കൈവരിച്ച ഔന്നത്യമുണ്ട്. അത് ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി ഇത്രയും ആക്രമിക്കപ്പെട്ടിട്ടും അദ്ദേഹത്തിനു വേണ്ടി ഒരു വാചകമെങ്കിലും പറയാന്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്കിടയില്‍ നിന്ന് ആരും മുന്നോട്ടുവന്നില്ല എന്നത് അന്പരപ്പും വേദനയുമുണ്ടാക്കി. അങ്ങനെ ഒറ്റയാക്കപ്പെടേണ്ടയാളല്ല മമ്മൂട്ടിയെന്നും ഇത്രയും എഴുതിയില്ലെങ്കില്‍ മനുഷ്യന്‍, നന്മ തുടങ്ങിയ പദങ്ങള്‍ പറയാന്‍ ഇനിയൊരിക്കലും താൻ അര്‍ഹനല്ല എന്ന് തിരിച്ചറിയുന്നുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

മമ്മൂട്ടിയെ വെറുതെ വിടുക…അറുപതോ നൂറോ വയസുകാരനാകട്ടെ..അഭിനയമെന്ന
മോഹത്തില്‍ സ്വസ്ഥനാകാന്‍ അദ്ദേഹത്തെ അനുവദിക്കുക…ഒരു സ്ത്രീയെയും അപമാനിക്കാത്ത മനുഷ്യനായി മമ്മൂട്ടി ഇനിയും ജീവിച്ചുപൊയ്ക്കോട്ടെ.. എന്ന പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

You might also like

Comments are closed.