Times Kerala

ഓഖി ദുരിതബാധിതരെ സഹായിക്കാൻ പൊതുസമൂഹത്തിന്റെ ഇടപെടൽ അനിവാര്യം : കടകംപള്ളി സുരേന്ദ്രൻ

 

ഉപജീവനത്തിനായി കടലിൽ പോയി ജീവൻ നഷ്ടപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാരിനൊപ്പം പൊതുസമൂഹവും കൈകോർക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദുരിതബാധിതരെ സഹായിക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. എന്നാൽ അതിനൊപ്പം പൊതുസമൂഹത്തിന്റെയാകെ പിന്തുണയും കരുതലും കൂടിയുണ്ടെങ്കിലേ അതിനു ഫലമുണ്ടാവുകയുള്ളു. മാനവീയം തെരുവിടം കൾച്ചറൽ കലക്റ്റിവും അക്ഷരം ഓൺലൈനും സംയുകതമായി മാനവീയം വീഥിയിൽ സംഘടിപ്പിച്ച സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി ഓഖി ദുരിതബാധിതർക്കുള്ള ആയിരം കിലോ അരിയുടെയും പയറിന്റെയും വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കുമ്പോഴും നമ്മുടെ തീരപ്രദേശങ്ങളിൽ ഇപ്പോഴും ഉറ്റവരെ കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ അനുഭവിക്കുന്ന മനഃപ്രയാസങ്ങൾ കാണാതെ നമ്മൾ കാണാതെ പോകരുത്. കേരളത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം തെരുവോരക്കൂട്ടത്തിലെ അംഗങ്ങൾ നടത്തുന്ന ഈ കാരുണ്യപ്രവൃത്തി മാതൃകാപരമാണെന്നും കൂടുതൽ സന്നദ്ധസംഘടനകൾ ദുരിതബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം കോട്ടപ്പുറം അടിമലത്തുറ മേഖലകളിൽ ഭക്ഷ്യോത്പന്നങ്ങളുടെ വിതരണം കെ റ്റി ഡീ സി ചെയർമാൻ എം വിജയകുമാർ നിർവഹിച്ചു. കൂട്ടായിമയിലെ എഴുപതോളം സുഹൃത്തുക്കൾ മാസാവരുമാനത്തിൽ നിന്നും നീക്കി വെച്ച തുകകളിലൂടെയാണ് ഭക്ഷ്യോത്പന്നങ്ങൾ സമാഹരിച്ചത്. വി എസ് ഹരികുമാർ, വിനോദ് വൈശാഖി, കെ ജി സൂരജ് ,ജി എൽ അരുൺ ഗോപി,ഡോ അനീഷ്യ ജയദേവ് അഡ്വ: ശോഭന ജോർജ് , ബി ശിവകുമാർ , ജയചന്ദ്രൻ മുണ്ടേല എന്നിവർ പങ്കെടുത്തു .

Related Topics

Share this story